KeralaNEWS

ജിതിന് സ്‌കൂട്ടറും സ്‌ഫോടകവസ്തുവും എത്തിച്ചു നല്‍കിയത് നവ്യ, എകെജി സെന്റര്‍ ആക്രമണക്കേസില്‍ നാലാം പ്രതിയായ നവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

   എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ഒന്നാം പ്രതി ജിതിന് സ്‌കൂട്ടറും സ്‌ഫോടകവസ്തുവും എത്തിച്ചു നല്‍കിയ നാലാം പ്രതിയായ നവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍.

നാലാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ നവ്യയെ ചോദ്യം ചെയ്താല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിൽ ടി. നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണ്. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാൻ സ്കൂട്ടർ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിൻ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടത്

Signature-ad

നവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

കേസില്‍ നവ്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. മൃദുല്‍ ജോണ്‍ വാദിച്ചു. വ്യക്തതയില്ലാത്ത ക്യാമറ ദൃശ്യങ്ങള്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നും നവ്യ ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ മറ്റൊന്നാണെന്നും രാത്രി പത്ത് വരെ ലുലു മാളിലെ ജോലി സ്ഥലത്തായിരുന്നു ഇവരെന്നും പ്രതിഭാഗം വാദിച്ചു.

നവ്യയുടെ സിസിടിവി ദൃശ്യങ്ങള്‍ ഒരുമിച്ച്‌ ജോലി ചെയ്യുന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരീഷ്‌കുമാര്‍ വാദിച്ചു.

തുടര്‍ന്നാണ് കേസ് ഡയറി ഹാജരാക്കാന്‍ ജഡ്ജി പ്രസൂണ്‍ മോഹന്‍ നിര്‍ദേശിച്ചത്. നാളെ കേസ് വീണ്ടും പരിഗണിക്കും.

എ കെ ജി സെന്റര്‍ ആക്രമണ കേസിലെ ഒന്നാംപ്രതി ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22 ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ മുപ്പതിന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണം നടന്നത്. ജിതിൻ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി.

Back to top button
error: