മലപ്പുറം: കോട്ടയ്ക്കല്‍ സ്വദേശിയായ ടാക്‌സിഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി വാഹനവും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍.
വള്ളുവങ്ങാട് വെട്ടിക്കാട്ടിരി കോല്‍ക്കാരന്‍ ഷഫീഖ് (24), മഞ്ചേരി ആനക്കയം ചപ്പൂര്‍ ചേലൂര്‍കളത്തില്‍ നൗഷാദലി (21) എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി എടവണ്ണ സ്വദേശി ഹസീന ചക്കിങ്ങലിനെ (35) നേരത്തേ അറസ്റ്റുചെയ്തിരുന്നു. മൂന്നും നാലും പ്രതികളെയാണ് ഇപ്പോള്‍ പിടികൂടിയത്. ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം. നാല്‍പ്പത്തഞ്ചുകാരനായ ടാക്‌സി ഡ്രൈവര്‍ പെണ്‍സുഹൃത്തുമായി സഞ്ചരിക്കുമ്പോള്‍ കോട്ടയ്ക്കലില്‍വെച്ച് കാറില്‍വന്ന സംഘം വാഹനം തടയുകയായിരുന്നു. ഇതിനിടയില്‍ പെണ്‍സുഹൃത്ത് വണ്ടിയില്‍നിന്ന് ഇറങ്ങിപ്പോകുകയും സംഘാംഗങ്ങളില്‍ ഒരാള്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുംചെയ്തു. പിന്നീട് സംഘം ഇയാളുമായി കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ കറങ്ങി. ഡ്രൈവറെ മര്‍ദിക്കുകയും അവശനിലയിലായപ്പോള്‍ അര്‍ധരാത്രിയോടെ കോഴിക്കോട് നഗരത്തില്‍ ഇറക്കിവിടുകയുമായിരുന്നു. തുടര്‍ന്ന് സംഘം ടാക്‌സിഡ്രൈവറുടെ ഉടമസ്ഥതയിലുള്ള വാഹനവുമായി മുങ്ങി. പ്രതികളെ കോടതി റിമാന്‍ഡ്‌ചെയ്തു.