KeralaNEWS

പുനപ്പരിശോധനാ ഹര്‍ജിയുമായി കെ.ടി.യു മുന്‍ വി.സി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വലാശാലാ വൈസ് ചാന്‍സലര്‍ ആയുള്ള നിയമനം റദ്ദാക്കിയ ഉത്തരവിനെതിരേ മുന്‍ വി.സി ഡോ. എം.എസ് രാജശ്രീ സുപ്രീം കോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. നിയമനം റദ്ദാക്കിയ നടപടിക്കു മുന്‍കാല പ്രാബല്യം നല്‍കിയ നടപടി പുനപ്പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

മുന്‍കാല പ്രാബല്യത്തോടെ വിധി നടപ്പാക്കിയാല്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചു നല്‍കേണ്ടി വരും. സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശയിലെ പിഴവിനു താന്‍ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

യു.ജി.സി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം.ആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്. വൈസ് ചാന്‍സലറെ ശിപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഒരു പേരു മാത്രം നിര്‍ദേശിച്ചത് മാനദണ്ഡത്തിനു വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. മൂന്നു പേരുകള്‍ നിര്‍ദേശിക്കണമെന്നും ഇതില്‍നിന്ന് ഒരാളെ നിയമിക്കണമെന്നുമാണ് യു.ജി.സി മാനദണ്ഡത്തില്‍ പറയുന്നത്.

സാങ്കേതിക സര്‍വലാശാലാ വി.സി നിയമനം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഇതിലെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.

 

Back to top button
error: