MovieNEWS

എഡിറ്റിങ്ങിനെ കുറിച്ച് പഠിച്ചിട്ട് ലാഗിനെ വിമര്‍ശിക്കൂ: അഞ്ജലി മേനോന്‍

കൊച്ചി: സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമേ റിവ്യു ചെയ്യാന്‍ പാടുള്ളു എന്ന അഭിപ്രായവുമായി സംവിധായിക അഞ്ജലി മേനോന്‍. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.

ഓണ്‍ ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പറയുന്നതും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റുകള്‍ പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

”ഒരു സിനിമ മുഴുവന്‍ കാണാതെ കമന്റ് പറയുന്നത് ഉത്തരവാദിത്തബോധമില്ലാത്ത പ്രവര്‍ത്തിയാണ്. ആദ്യ കുറച്ച് ഭാഗം കഴിയുമ്പോള്‍ ഒരു ട്വീറ്റ്, ഇന്റര്‍വെല്ലില്‍ ഒരു ട്വീറ്റ്, അവസാനം ഒരു ട്വീറ്റ് എന്നിങ്ങനെ കണ്ടിട്ടുണ്ട്. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്. സിനിമ കാണാന്‍ പോയതല്ലേ അപ്പോള്‍ ആദ്യം സിനിമ മുഴുവനായി കാണൂ എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്താണെന്ന് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്ടര്‍ തന്റെ സിനിമക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസിലാക്കിയിരിക്കണം.

അതേസമയം റിവ്യു ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. സിനിമ എന്ന മാധ്യമത്തെ മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകും. ആ രീതിയിലുള്ള ഒരു എഡ്യുക്കേഷന്‍ വളരെ പ്രധാനപ്പെട്ടതാണ്” -അഞ്ജലി മേനോന്‍ പറഞ്ഞു.

വണ്ടര്‍ വുമണ്‍ എന്ന പുതിയ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ് അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്സ്, കേരള കഫേയിലെ ഹാപ്പി ജേണി, കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ വുമണ്‍.

പാര്‍വതി തിരുവോത്ത്, നിത്യ മേനെന്‍, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 

 

 

 

Back to top button
error: