Breaking NewsNEWS

കുഫോസ് വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലറായി ഡോ. കെ.റിജി ജോണിനെ നിയമിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. യു.ജി.സി മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായിട്ടാണ് നിയമനം എന്നാരോപിച്ച് വി.സി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. യു.ജി.സി ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.

വി.സി നിയമനം സംബന്ധിച്ച് ഗവര്‍ണര്‍സര്‍ക്കാര്‍ പോര് നടക്കുന്നതിനിടെ ഏറെ നിര്‍ണായകമാണ് ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നും പുറത്താക്കാതിരിക്കാന്‍ കുഫോസ് വി.സിക്കും ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതി വിധി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മറ്റു വിസിമാരുടെ കാര്യത്തിലും ഏറെ നിര്‍ണായകമാണ്.

സേര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഡോ. കെ.റിജി ജോണിന്റെ പേര് നിര്‍ദേശിച്ചതു സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സേര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. മൂന്നു പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് സേര്‍ച്ച് കമ്മിറ്റി നല്‍കേണ്ടത്. ഒറ്റപേരു മാത്രം നല്‍കിയത് നിയമ വിരുദ്ധമാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെട്ടതായതിനാല്‍ യു.ജി.സി മാനദണഡം ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. 2021 ജനുവരി 23 നാണ് കുഫോസ് ഡീന്‍ ആയിരുന്ന ഡോ.കെ.റിജി ജോണിനെ സര്‍വകലാശാല വി.സിയായി നിയമിച്ചത്. പ്രഫസര്‍ തസ്തികയില്‍ 10 വര്‍ഷം പ്രവര്‍ത്തി പരിചയം വേണമെന്നിരിക്കെ മൂന്നു വര്‍ഷ ഗവേഷണ കാലയളവ് കൂടി ഉള്‍പ്പെടുത്തിയായിരുന്നു അപേക്ഷ നല്‍കിയത് എന്നതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

Back to top button
error: