മലപ്പുറം: പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ ഭര്‍ത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.
യുവതിയും ഭര്‍ത്താവും ദീര്‍ഘനാളായി അകന്നുകഴിയുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഇയാള്‍ മുമ്പ് യുവതിയെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി ഓട് പൊളിച്ചാണ് അകത്തുകടന്നത്.
ഫഷാന ഷെറിന്റെ കിടപ്പുമുറിയില്‍ കയറിയ പ്രതി വാതില്‍ കുറ്റിയിട്ട ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. അമ്പത് ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.