CrimeNEWS

തേങ്ങ കള്ളൻ 11 മാസത്തിന് ശേഷം പിടിയിൽ; തട്ടിയെടുത്തത് 300 കിലോ തേങ്ങ

വടുതല: ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ചാണ് ഇയാൾ തേങ്ങ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കേസ് ആയതിനേ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

അതേസമയം, വീടിന് ദോഷം മാറാൻ സ്വർണക്കുരിശ് നിർമിക്കണമെന്ന് പറഞ്ഞ് വീട്ടമ്മയിൽ നിന്ന് ഇരുപത്തി ഒന്ന് പവൻ സ്വർണം തട്ടിയെടുത്ത രണ്ട് സ്ത്രീകളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി ദേവി, കൊല്ലം കലയപുരം സ്വദേശിനി സുമതി എന്നിവരാണ് പിടിയിലായത്. അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇരുവരും കബളിപ്പിച്ചത്. കത്തിയും, വാക്കത്തിയും വീടുകൾ തോറും കയറി വില്പന നടത്തി ഉപജീവനം നടത്തിയിരുന്ന ദേവിയും, സുമതിയും കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്നു.

ഇതിനിടയിലാണ് അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ പരിചയപ്പെട്ടത്. വീടിന് ദോഷമുണ്ടെന്നും ഇത് മാറണമെങ്കിൽ സ്വർണ്ണം കൊണ്ട് കുരിശ് പണിതാൽ മതി എന്നും ഇരുവരും വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഇവരുടെ കയ്യിൽ നിന്നും പലപ്പോഴായി 21 പവൻ സ്വർണം കൈക്കലാക്കുകയായിരുന്നു.

Back to top button
error: