നിയമനക്കത്ത് വിവാദം: മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ വിവാദ നിയമനക്കത്തില്‍ സി.ബി.ഐ, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മേയര്‍ ആര്യാ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്കും കോര്‍പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിനും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹര്‍ജിയിന്‍മേല്‍ മേയര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഹര്‍ജി 25നു പരിഗണിക്കുന്നതിനു മാറ്റിവച്ചു.
മേയറുടെ ഒപ്പും സീലും വച്ച ലെറ്റര്‍പാഡില്‍ പുറത്തുവന്ന കത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടു കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി.എസ്. ശ്രീകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ കത്തിന്മേല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് പരിഗണിച്ചത്.
ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്കു കത്തയച്ചതു സ്വജനപക്ഷപാതമാണ് എന്നാണ് ആക്ഷേപം. സത്യപ്രതിജ്ഞാ ലംഘനവും നടന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. നിരവധി തൊഴില്‍രഹിതര്‍ നിയമനങ്ങള്‍ക്കായി കാത്തുനില്‍ക്കുമ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോര്‍പറേഷനില്‍ നടന്നെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
ഇതേ ആവശ്യങ്ങളുമായി ഹര്‍ജിക്കാരന്‍ നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.