Breaking NewsWorld

നേപ്പാളിൽ ഭൂചലനത്തിൽ 6 മരണം, ഡൽഹിയടക്കം കുലുങ്ങി; ജനങ്ങൾ പരിഭ്രാന്തിയിൽ

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചു. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും രണ്ടോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങൾ പരിഭ്രാന്തരായി. നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 9.07 ന് അനുഭവപ്പെട്ട ഭൂചലനത്തിൽ 5.7 ഉം 9.56 അനുഭവപ്പെട്ട രണ്ടാമത്തെ ഭൂചലനത്തിൽ 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.

ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.പിയിലെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും സ്ഥാപനങ്ങളിൽ രാത്രി ജോലി ചെയ്തിരുന്നവർ അറിയിച്ചു. ഓഫീസിൽ അലാം മുഴങ്ങിയതോടെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസിൽ പ്രവേശിച്ചതെന്നും ജീവനക്കാർ പറഞ്ഞു.

2015 ൽ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങി. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകർത്തിരുന്നു.

Back to top button
error: