കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന്റെ പേരില്‍, രാജസ്ഥാന് സ്വദേശിയായ ആറു വയസ്സുകാരനെ പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദ് (20) ചവിട്ടി പരുക്കേല്പിച്ച കേസില്‍ പോലീസിന് വീഴ്ചയെന്നു റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. തലശ്ശേരി സി.ഐ: എം. അനിലിനും ഗ്രേഡ് എസ്.ഐമാര്‍ക്കും വീഴ്ച പറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനമേറ്റ സ്ഥലത്ത് പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ ദിവസമാണ്, കേസിന്റെ അന്വേഷണം എ.സി.പി: കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തത്. ചവിട്ടേറ്റ കുട്ടി, മാതാപിതാക്കള്‍ എന്നിവര്‍ക്കു പുറമേ, ദൃക്സാക്ഷികളായ 2 പേരില്‍നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരില്‍നിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണു കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസി ടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
സംഭവദിവസം രാത്രി കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ആദ്യഘട്ടത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസിനെതിരേ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. കുട്ടിയെ കൈകൊണ്ട് തല്ലിയതായി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായതിനെ തുടര്‍ന്ന്, മുഴപ്പിലങ്ങാട് കുളംബസാറിലെ ദാറുല്‍ അമാനില്‍ മഹമൂദിനെ (55) ശനിയാഴ്ച അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ്, ബലൂണ്‍ വില്പനയ്ക്കായി തലശ്ശേരിയിലെത്തിയ കുടുംബത്തിലെ കുട്ടി നാരങ്ങാപ്പുറത്തുവച്ച് ആക്രമിക്കപ്പെട്ടത്.