കൊച്ചി: വീണ്ടും മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളെ അവിടെനിന്ന് പുറത്താക്കി. മുഖംമൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് നിലപാടെടുത്ത ഗവര്‍ണര്‍ ഈ രണ്ട് ചാനലുകളിലെ പ്രതിനിധിയെ പുറത്താക്കിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഈ ചാനലുകള്‍ ഗവര്‍ണര്‍ക്കെതിരേ ക്യാമ്പെയിന് നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ മറുപടി പറഞ്ഞു.
സര്‍വകലാശാല വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രണ്ട് ചാനലുകള്‍ക്കെതിരേ ഗവര്‍ണറുടെ നടപടി. തുടര്‍ന്ന് മറ്റു മാധ്യമങ്ങളോട് സംസാരിച്ച ഗവര്‍ണര്‍ സര്‍വകലാശാല വിഷയത്തില്‍ വൈസ് ചാന്‍സലര്‍മാരുടെ മറുപടി വായിച്ചശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാരിലെ ചിലര്‍ രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചെന്നും ഗവര്‍ണര്‍ ആരോപിച്ചു.