LocalNEWS

മൂന്നാറിൽ ഗുണ്ടാവിളയാട്ടം, ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചതിന് യുവാക്കൾ ഹോട്ടൽ ഉടമയെയും, ഭാര്യയെയും, മക്കളെയും വടിവാളിന് വെട്ടി

മൂന്നാറിലെ ‘സാഗർ’ ഹോട്ടലിൽ ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കിട്ടാൻ താമസിച്ചെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബാംഗങ്ങളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ 4 പേർ അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി സ്വദേശികളായ എസ്.ജോൺ പീറ്റർ (25), ജെ.തോമസ് (31), ആർ.ചിന്നപ്പ രാജ് (34), രാജീവ് ഗാന്ധി കോളനിയിൽ ആർ.മണികണ്ഠൻ (33) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇക്കാനഗറിലെ ‘സാഗർ’ ഹോട്ടൽ ഉടമ എൽ.പ്രശാന്ത് (54), ഭാര്യ വിനില (44), മകൻ സാഗർ (27) എന്നിവർ തലയിലും കയ്യിലും വെട്ടേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രാത്രി 9.30നാണു സംഭവം. ഹോട്ടലിലെത്തിയ മണികണ്ഠൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. അതു കിട്ടാൻ വൈകിയപ്പോൾ കൗണ്ടറിലുണ്ടായിരുന്ന സാഗറുമായി തർക്കമുണ്ടായി. ഈ സമയം ഹോട്ടലിൽ മുപ്പതോളം വിനോദസഞ്ചാരികൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. സഞ്ചാരികൾക്ക് ആദ്യം ഭക്ഷണം കൊടുത്തതോടെ പുറത്തേക്കിറങ്ങിയ മണികണ്ഠൻ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ആയുധങ്ങളുമായെത്തിയ അഞ്ചംഗ സംഘം അകത്തു കയറി പ്രശാന്തിനെയും കുടുംബത്തെയും വിടവാൾകൊണ്ട് വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു. ഹോട്ടൽ അടിച്ചു തകർക്കുകയും ചെയ്തു.

എസ്എച്ച്ഒ മനേഷ് കെ.പൗലോസ്, പ്രിൻസിപ്പൽ എസ്ഐ ഷാഹുൽ ഹമീദ്, എസ്ഐമാരായ കെ.ഡി.മണിയൻ, എം.കെ.നിസാർ, കെ.ഡി.ചന്ദ്രൻ, സീനിയർ സിപിഒമാരായ ആർ.രമേശ്, ധോണി ചാക്കോ, വി.ടി.ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

Back to top button
error: