കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരന് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം. താമരശ്ശേരി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിനുസമീപം കലുങ്കു നിര്‍മിക്കാനെടുത്ത കുഴിയില്‍വീണ് തുടയെല്ലിന് പരുക്കേറ്റ എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖിനാണ് (56) നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്തില്‍ തീരുമാനമായത്.
കരാറുകാരനായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും പത്ത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കേണ്ടത്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ആറരലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഒരുലക്ഷം രൂപയും നല്‍കണം. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയായ സബ്ജഡ്ജ് എം.പി. ഷൈജലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന അദാലത്തിലാണ് അബ്ദുല്‍ റസാഖിന്റെ പരാതി പരിഗണിച്ച് നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.
അബ്ദുല്‍റസാഖിന്റെ ചികിത്സാച്ചെലവ് കരാര്‍ കമ്പനി വഹിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും നേരത്തെ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടിരുന്നു. എന്നാല്‍, നടപടികള്‍ വൈകിയതോടെ അബ്ദുല്‍റസാഖ് ജില്ലാ നിയമസേവന അതോറിറ്റിയില്‍ പരാതി നല്‍കി.അബ്ദുല്‍റസാഖിന് സൗജന്യ നിയമസഹായം നല്‍കാന്‍ അഭിഭാഷകന്‍ വി.പി. രാധാകൃഷ്ണനെ അതോറിറ്റി ചുമതലപ്പെടുത്തി. ഇതിനുശേഷമാണ് അദാലത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയായത്.
റോഡില്‍ കലുങ്കു നിര്‍മിക്കാന്‍ സുരക്ഷാസംവിധാനമൊരുക്കാതെ കീറിയ കുഴിയില്‍ ഈവര്‍ഷം ജനുവരി അഞ്ചിന് രാത്രിയാണ് അബ്ദുല്‍റസാഖ് ബൈക്കുമായി വീണത്. മുന്നറിയിപ്പ് ബോര്‍ഡോ, ബാരിക്കേഡോ സ്ഥാപിക്കാതെ കുഴിക്കുചുറ്റും ഒരു റിബണ്‍ വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കരാറുകാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു പി.ഡബ്ല്യു.ഡി. അധികൃതരുടെ നിലപാട്. ഈ റിപ്പോര്‍ട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് തള്ളിയിരുന്നു. തുടര്‍ന്ന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി.