കൊച്ചി : നാട്ടിൽ ആരും തിരിഞ്ഞുപോലും നോക്കാത്ത ബദാം മരത്തിന്റെ ഇലകൾക്ക് ആമസോണിൽ വൻ ഡിമാന്റ്.
50 ഇലകള്‍ക്ക് ഡിസ്കൗണ്ടോടെ 164 രൂപയാണ് വില.
അലങ്കാര മത്സ്യകൃഷിക്ക് ഉപയോഗിച്ചു തുടങ്ങിയതോടെയാണ് ബദാം മരത്തിന്റെ ഇലകൾക്ക് ആളുകളെത്തിത്തുടങ്ങിയത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപിങ് സൈറ്റുകളില്‍ ഉണങ്ങിയ ഒരിലക്ക് പത്തു രൂപ വരെ വരുന്നുണ്ട്.ബദാം മരത്തിന്റെ ചെറു ചെടിയുടെ വില 298 രൂപ. 50 ഇലകള്‍ക്ക് 164 രൂപ വരെ ഡിസ്കൗണ്ടിലാക്കി വന്‍ ഓഫറുകളുമായി ആമസോണ്‍ വെബ്സൈറ്റില്‍ ആദായ വില്പനയും നടക്കുന്നു.
ആഗോള വ്യാപക ആവശ്യമായതിനാല്‍ വിദേശ ഓണ്‍ലൈന്‍ വില്പന സൈറ്റുകളിലും വന്‍ ഓഫറുകളുമായി ഉണക്കിയ ഇലകള്‍ ഇടംപിടിച്ചിട്ടുണ്ട്.
ആമസോണ്‍, ഫ്ലിപ് കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ വന്‍ വില്പനയാണ് നടക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ ഈ മരം ഒട്ടുമിക്ക വീട്ടുപറമ്ബിലും കാണപ്പെടുന്നുണ്ട്. കോവിഡ് കാലത്ത് മത്സ്യകൃഷി വ്യാപകമായ ശേഷമാണ് ഇലകള്‍ക്ക് ഡിമാന്‍ഡ് ഏറിയത്.
ഇവയുടെ ഉണങ്ങിയ ഇല അക്വേറിയത്തിലെ വെള്ളത്തിന്റെ പി.എച്ച് നിയന്ത്രിച്ച് മത്സ്യങ്ങള്‍ക്ക് മികച്ച ആവാസ വ്യവസ്ഥ ഒരുക്കാന്‍ ഉപയോഗിച്ച് വരുന്നു. ഇവ മീനുകളില്‍ കാണുന്ന പൂപ്പല്‍, വൈറസുകള്‍, ബാക്റ്റീരിയ രോഗം എന്നിവയെ പ്രതിരോധിക്കുമെന്ന് മത്സ്യകര്‍ഷകരും പറയുന്നു.
പഴുത്തതും ഉണങ്ങിയതുമായ ഇലകളാണ് ഉപയോഗിക്കുന്നത്. ഇലകള്‍ കഴുകി നേരിട്ട് മത്സ്യ ടാങ്കുകളിലോ കുളങ്ങളിലോ നിക്ഷേപിക്കാറാണ് പതിവ്.ഏതായാലും വരുംകാലങ്ങളിൽ പണം കായ്ക്കുന്ന മരമായി ബദാം മാറിയാലും അത്ഭുതപ്പെടാനില്ല.