മലപ്പുറം: എടക്കരയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടില്‍ ജോര്‍ജ്കുട്ടിയെ (48) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്.
സമീപത്തായി ഒരു കാട്ടുപന്നിയുടെ ജഡവുമുണ്ട്. ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ജോര്‍ജ്കുട്ടി വീട്ടില്‍നിന്നു പോയത്. ടൗണിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. കാണാതായതിനെ തുടര്‍ന്ന് രണ്ടാം തീയതി വൈകിട്ട് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള തിരച്ചിലില്‍ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്.
സമീപത്തെ വൈദ്യുതിലൈനില്‍ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിന്റെ സൂചനകളുണ്ട്. കാട്ടുപന്നിയുടെ ജഡത്തിനടുത്തുനിന്ന് നീളമുള്ള കമ്പിയും കണ്ടെത്തി.