കണ്ണൂരിലെ കരുവഞ്ചാല്‍ നെല്ലിക്കുന്ന് ഗ്രാമം വിലപിക്കുകയാണ്. മകനെ ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനിടെ കാർ കിണറ്റില്‍ വീണ് വയോധികനും മകനും മരിച്ച സംഭവം നാടിന് ഞെട്ടലായി. ആലക്കോടിനടുത്ത് നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്കുട്ടി (60), മകന്‍ ബിന്‍സ് (19) എന്നിവരാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കാര്‍ വീണത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. അപകടം നടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാത്തുക്കുട്ടിയും വൈകുന്നേരം മൂന്നര മണിയോടെ മകൻ ജിൻസും മരണമടയുകയായിരുന്നു. പ്ലസ് ടു കഴിഞ്ഞ് നഴ്സിംഗ് ബിരുദ വിദ്യാഭാസത്തിനു പോകാനുള്ള തയ്യാറെടുപ്പിലായായിരുന്നു ജിൻസ്.
കാര്‍ റിവേഴ്‌സ് ഗിയറിലെടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും തളിപ്പറമ്പില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സുമാണ് മാത്തുക്കുട്ടിയെയും ബിന്‍സിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് ബിൻസ് മരിച്ചത്. ഇന്നലെ സ്ഥാനാരോഹണം ചെയ്‌ത മാനന്തവാടി രൂപതാ സഹായമെത്രാൻ അലക്‌സ് താരാമംഗലത്തിൻ്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപ്പിന്റെ കാര്‍ സഹോദരന് നല്‍കുകയായിരുന്നു. ഇതാണ് അപകടത്തില്‍പ്പെട്ടത്.
പരേതരായ ലൂക്കോസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്. മറ്റൊരു സഹോദരന്‍: ജോയി. മൃതദേഹങ്ങൾ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.