തൃശൂര്‍: വിശന്നപ്പോള്‍ അടുക്കളയില്‍ കയറി കിട്ടിയത് അകത്താക്കി സ്ഥലംവിടാനൊരുക്കിയ പൂച്ചയെ കുടുക്കിയത് താഴെ വീണ പാത്രം. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിയെത്തിയതോടെ ജനല്‍ വഴി ചാടാന്‍ ശ്രമിച്ചെങ്കിലും തല ജനല്‍ക്കമ്പിക്കിടയില്‍ കുടുങ്ങി. ഓടിയെത്തിയ വീട്ടുകാര്‍ക്കും പൂച്ചയെ രക്ഷിക്കാനായില്ല. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാത്ത അവസ്ഥയിലായി മാര്‍ജാരന്‍. പുല്ലൂര്‍ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനലിലാണ് പൂച്ച കുടുങ്ങിയത്.
പഠിച്ച പണി പതിനെട്ടും നോക്കി രക്ഷയില്ലാതായതോടെ വലിയ ശബ്ദത്തില്‍ കരച്ചിലും തുടങ്ങി. കടിക്കുമോ എന്ന പേടിയില്‍ വീട്ടുകാര്‍ക്കും അതിനെ രക്ഷിക്കാന്‍ പറ്റാതായി. ഒടുവില്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാസേനയുടെ സഹായം തേടി.
അഗ്നിരക്ഷാ സേന ഹൈഡ്രോളിക് സ്പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. കടിയേല്‍ക്കാതിരിക്കാന്‍ പൂച്ചയുടെ തല ഹെല്‍മെറ്റ് ഉപയോഗിച്ച് മൂടിയാണ് കമ്പി അകത്തിയത്. കമ്പി അകന്നതോടെ തലകുടഞ്ഞ് ഉള്ള ജീവനുംകൊണ്ട് പൂച്ച സ്ഥലംവിട്ടു.