കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് കൊച്ചി കോർപ്പറേഷൻ. അഞ്ച് ഹോട്ടലുകളാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. വെളളമൊഴുക്ക് തടസ്സപ്പെടുന്ന വിധത്തിൽ കാനയിലേക്ക് മെഴുക്കുകലർന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് നടപടി. എം ജി റോഡിലെ ഹോട്ടലുകൾക്കാണ് അടച്ചുപൂട്ടാൻ ഉത്തരവ് നൽകിയത്.
കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് നടപടി. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിർദ്ദേശിച്ചു. ഈ മാസം 11 ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.