ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് പിറന്നാള്‍.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെൻ്റ് തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങളും ഉൾപ്പടെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
ബ്രിട്ടീഷുകാരിൽ നിന്നും 1947ൽ ഇന്ത്യ സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനായുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടതിൻ്റെ ഫലമാണ് സംസ്ഥാനരൂപീകരണം.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറെയറ്റത്തുള്ള സംസ്ഥാനമാണ്, കേരളം. തെക്കും കിഴക്കും തമിഴ്‌നാടും വടക്ക് കർണാടകവും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന് അതിരിടുന്നത്.
പ്രകൃതി നല്‍കിയൊരു പറുദീസയാണ് കേരളനാട്. കുന്നുകളും കടല്‍ത്തീരങ്ങളും മുതല്‍ കോട്ടകളും ക്ഷേത്രങ്ങളും വരെയുള്ള സാംസ്‌കാരിക വൈവിധ്യവും സാഹസികതയും നിറഞ്ഞ സ്ഥലങ്ങള്‍…
❥ ഇന്ത്യയില്‍ ആദ്യമായി മഴ ലഭിക്കുന്ന സംസ്ഥാനം
ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യമെത്തുന്നത് കേരളത്തിലാണ്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂലൈ മാസത്തില്‍ മഴ ലഭിക്കുമ്പോള്‍ ജൂണ്‍ ആദ്യവാരം കേരളത്തില്‍ മഴ ലഭിക്കും. ശരാശരി വാര്‍ഷിക വര്‍ഷപാതം 300 സെന്റിമീറ്ററിനടുത്താണ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ (ഇടവപ്പാതി) നിന്നാണ് കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത്. ഇക്കാലത്ത് ശരാശരി 200 സെന്റിമീറ്റര്‍ വരെ മഴ കിട്ടാറുണ്ട്. ജൂലൈലാണ് ഏറ്റവുമധികം മഴ കിട്ടുന്നത്. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കാലത്ത് ശരാശരി 50 സെന്റിമീറ്റര്‍ വരെ മഴ പെയ്യുന്നു. വേനല്‍മഴയായി ശരാശരി 40 സെന്റിമീറ്റര്‍ മഴയും ലഭിക്കാറുണ്ട്.
❥ ആയുര്‍വേദത്തിന്റെ ഈറ്റില്ലം
കേരളത്തിന് തനതായ ആയുര്‍വേദ പാരമ്പര്യമുണ്ട്. അത് സ്വദേശി, വിദേശ മരുന്നുകളേക്കാള്‍ ഫലപ്രദമാണെന്ന് കാലാകാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ പ്രാഥമിക ചികിത്സാ മാര്‍ഗ്ഗമായി അലോപ്പതിയെ ആശ്രയിക്കുന്നു എങ്കിലും കേരളത്തിൽ കഥയതല്ല. അതിനാല്‍ത്തന്നെ ആയുര്‍വേദത്തിന് ലോകമെമ്പാടും നിന്നുള്ളവര്‍ ഒഴുകിയെത്തുന്നത് കേരളത്തിലേക്കാണ്
❥ ഏറ്റവും സമ്പന്നമായ ക്ഷേത്രം
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ആണ് പത്മനാഭ സ്വാമി ക്ഷേത്രം. തലസ്ഥാന നഗരിയുടെ മുഖമുദ്ര. ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് നിലവറയിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്നങ്ങളും സ്വര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ് ആ പെരുമ.
❥ ശ്രീനാരായണഗുരു
ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും മഹാനായ സന്യാസിവര്യനും സംസ്ഥാന നവോത്ഥാന ചരിത്രത്തിലെ അതുല്യനായ സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണഗുരു ജനിച്ചത് കേരളത്തിലാണ്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നതും ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം’ എന്നുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും.
❥ കേരങ്ങളുടെ നാട്
കേരളം എന്നാല്‍ കേരങ്ങളുടെ നാട് എന്നാണ്. നാളികേരം ഇന്നും കേരളത്തിലെ ഗ്രാമീണസമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തെ കേരളമാക്കിയതില്‍ തേങ്ങയ്ക്കുള്ള പങ്ക് ചെറുതല്ല.
❥ ഇന്ത്യയിലെ ആദ്യത്തെ പള്ളിയും സിനഗോഗും
ഇന്ത്യയിലെ ആദ്യത്തെ പള്ളിയും മോസ്‌കും സിനഗോഗും ഉയര്‍ന്നത് കേരളത്തിലാണ്. കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ചേരമാന്‍ ജുമാ മസ്ജിദ് എ.ഡി 629 ല്‍ മാലിക് ഇബ്‌നു ദിനാര്‍ നിര്‍മ്മിച്ചതാണ്.
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ പാലയൂരില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ചര്‍ച്ച്, എ.ഡി 52-ല്‍ യേശുക്രിസ്തുവിന്റെ 12 അപ്പോസ്തലന്മാരില്‍ ഒരാളായ സെന്റ് തോമസ് സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു. കൊച്ചിയിലെ സിനഗോഗ് രാജ്യത്തെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളതുമായ സിനഗോഗാണ്. 1567-ല്‍ പണികഴിപ്പിച്ച കൊച്ചിന്‍ ജൂതന്മാരുടെ ഏഴ് സിനഗോഗുകളില്‍ ഒന്നാണിത്.
❥ രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ ഉത്പാദകര്‍
ലോകത്തെ ഏറ്റവും വലിയ റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ നാലാമത് ഇന്ത്യയാണ്. രാജ്യത്തെ മൊത്തം റബ്ബറിന്റെ 90 ശതമാനത്തിലേറെയും ഉല്‍പ്പാദിപ്പിക്കുന്നത് കേരളത്തില്‍ നിന്ന് മാത്രമാണ്.
❥ ഇന്ത്യയിലെ വൃത്തിയുള്ള സംസ്ഥാനം
നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് (എന്‍എസ്എസ്) നടത്തിയ സര്‍വേ പ്രകാരം, കേരളം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ്. പ്രകൃതി സൗന്ദര്യം കണക്കിലെടുത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്നും അറിയപ്പെടുന്നു. പടിഞ്ഞാറ് അറബിക്കടലാലും കായലുകളുടെ കണ്ണികളാലും ചുറ്റപ്പെട്ടതാണ് കേരളം.
❥ സാക്ഷരതയുടെ കേന്ദ്രം
സാക്ഷരതയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് മികച്ച നിലവാരം പുലര്‍ത്തുന്നു. 2011 ലെ സെന്‍സസ് പ്രകാരം, ഏകദേശം 93.91 ശതമാനം സാക്ഷരതയുള്ള കേരളം ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്.
❥ ഇന്ത്യയുടെ സ്‌പൈസ് കോസ്റ്റ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഭക്ഷണ വിഭവങ്ങള്‍ രുചികരവും സുഗന്ധമുള്ളതും പ്രശസ്തവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ അടിസ്ഥാന കേന്ദ്രമായി കേരളം കണക്കാക്കപ്പെടുന്നു.