തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കുപുറമേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച്) പഠനറിപ്പോര്‍ട്ട്. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് റോഡില്‍ നിര്‍ത്തിയത് അപകടത്തിന് കാരണമായതായാണ് കണ്ടെത്തല്‍. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ കണ്ടെത്തലുകള്‍ തള്ളിക്കളയുന്നതാണ് നാറ്റ്പാക്കിന്റെ റിപ്പോര്‍ട്ട്.
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ സുരക്ഷിത അകലം പാലിക്കാതെ കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയപ്പോള്‍ ടൂറിസ്റ്റ് ബസ് പിന്നില്‍ ഇടിച്ചുകയറി. ഗതാഗതനിയമങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ പിഴവിനുകാരണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ പിഴവും റിപ്പോര്‍ട്ട് ശരിവെക്കുന്നു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിനിടയാക്കിയത്.
ഈസമയം റോഡിലുണ്ടായിരുന്ന കാര്‍ വേഗം കുറച്ച് സ്പീഡ് ട്രാക്കിലൂടെയാണ് പോയിരുന്നത്. ഓരോ വരിയിലൂടെയും സഞ്ചരിക്കേണ്ട വേഗത്തെക്കുറിച്ച് കാര്‍ഡ്രൈവര്‍ക്കും ധാരണയുണ്ടായിരുന്നില്ല. വഴിവിളക്കുകള്‍ ഇല്ലാത്തതും അപകടത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.