തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ മൊഴി പുറത്ത്. സ്വകാര്യ ചിത്രങ്ങളും വീഡിയോയും കൈമാറാത്തതാണ് വൈരാഗ്യം കൂട്ടിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു. ഇതോടെയാണ് ഷാരോണിനെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയതെന്നാണ് വിവരം.
പ്രണയം ബന്ധുക്കള്‍ അറിഞ്ഞപ്പോള്‍ പിന്മാറാന് ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തില്‍ നിന്നും പിന്മാറാന് ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോണ്‍ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളില്‍ തിരഞ്ഞതായും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു.
അതിനിടെ, ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 11 മണിയോടെ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നായിരുന്നു നേരത്തേ ലഭിച്ച വിവരം.
കേസില്‍ ഗ്രീഷ്മയുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്.
അതേസമയം, ഗ്രീഷ്മയുടെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്.