പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ തന്നെ പിടികൂടാന്‍ സഹായിച്ചവരെ ആക്രമിച്ച കള്ളന്‍ പിടിയിലായി. അടൂര്‍ പെരിങ്ങനാട് ചാല പോളച്ചിറ കണ്ണന്‍ ( അഖില്‍-37) ആണ് പിടിയിലായത്. എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡന്റിനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്ത കേസിലെ പ്രതിയാണ്.
കരുവാറ്റയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അക്രമാസക്തനായ പ്രതിയെ ഏറെ പണിപ്പെട്ട് അടൂര്‍ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസമാണ് പ്രതി അടൂര്‍ പെരിങ്ങനാട്ടെ നാലു വീടുകളില്‍ ആക്രമണം നടത്തിയത്. 2006 ാം നമ്പര്‍ ശാഖാ പ്രസിഡന്റ് ചാലയില്‍ പുത്തന്‍ വീട്ടില്‍ രാധാകൃഷ്ണനെ തലയില്‍ വെട്ടിയ പ്രതി ഒരു വീട്ടിലെ സ്‌കൂട്ടര്‍ മോഷ്ടിക്കുകയും മറ്റൊരു വീട്ടിലെ ഇരുചക്ര വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പെരിങ്ങനാട്ട് മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാരാണ് പിടികൂടി പോലീസിനു കൈമാറിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചടിക്കുമെന്നു പോലീസ് കസ്റ്റഡിയില്‍തന്നെ പ്രതി വെല്ലുവിളിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.