ലഖ്‌നൗ: ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തടഞ്ഞില്ല, പകരം അത് മൊബൈലില്‍ പകര്‍ത്തി രസിച്ചു. ആത്മഹത്യ ശ്രമത്തിനിടെ യുവതി മരിച്ചപ്പോള്‍ ആ വിഡിയോ ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
നാലുവര്‍ഷം മുമ്പാണ് സഞ്ജയും ശോഭിതയും വിവാഹിതരായത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയാണ് ശോഭിത ആത്മഹത്യ ചെയ്തത്. ഒരിക്കല്‍ പോലും സഞ്ജയ് ശോഭിതയെ തടയാന്‍ ശ്രമിച്ചില്ല. ഭാര്യ കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ ”വളരെ നല്ലത്. ഇതാണ് നിന്റെ മനസിലിരുപ്പ്. നിന്റെ മനസ് വളരെ വല്ലാതെ ഇടുങ്ങിയതാണ്”-എന്നായിരുന്നു സഞ്ജയുടെ പ്രതികരണം. വീഡിയോയില്‍ ഇത് വ്യക്തമായി കേള്‍ക്കാം.
മകള്‍ ആത്മഹത്യ ചെയ്ത വിവരം മരുമകന്‍ തന്നെയാണ് വിളിച്ചറിയിച്ചതെന്ന് ശോഭിതയുടെ പിതാവ് പറഞ്ഞു. ശോഭിതയുടെ കുടുംബം വീട്ടിലെത്തിയപ്പോള്‍ ബെഡില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകാതെ സഞ്ജയ് സി.പി.ആര്‍ കൊടുക്കാന്‍ ശ്രമിക്കുന്നതാണ് കുടുംബം കണ്ടത്.
ആദ്യ തവണ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ താന്‍ ശോഭിതയെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ട് സഞ്ജയ് കുടുംബത്തിന് ആത്മഹത്യ വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. ശോഭിതയെ ഉടന്‍ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. വിഡിയോ ചിത്രീകരിക്കാന്‍ നിന്ന സമയത്ത് ശോഭിതയെ സഞ്ജയ്ക്ക് രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഭാര്യയുടെ ആത്മഹത്യയില്‍ സഞ്ജയ്ക്ക് പങ്കുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.