ലഖ്നൌ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഡെങ്കു ബാധിതന് പ്ലേറ്റ്ലെറ്റിന് പകരം മുസമ്പി ജ്യൂസ് നൽകിയെന്ന പരാതിയിൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. രോഗിക്ക് നൽകിയത് മുസമ്പി ജ്യൂസല്ല എന്നാൽ ശാസ്ത്രീയമായ സംരക്ഷിക്കാത്ത പ്ലേറ്റ്ലെറ്റുകളാണ് എന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. പ്രയാഗ് രാജിലെ ഗ്ലോബൽ ആശുപത്രിയിൽ ഡെങ്കു ചികിത്സയ്ക്കെത്തിയ ആൾ പ്ലേറ്റ്ലെറ്റ് കുത്തിവെച്ചതിന് പിന്നാലെ മരിച്ചത് കഴിഞ്ഞയാഴ്ച്ചയാണ്.
25000 രൂപ കൊടുത്താണ് അഞ്ച് യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആരോപണം. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു..
ഇതിനിടെ ആരോപണവിധേയമായ സ്വകാര്യ ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് യുപി സർക്കാർ ഇന്നലെ പുറത്തിറക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. ഡെങ്കിപ്പനി ബാധിച്ച മുപ്പത്തിരണ്ട് വയസുകാരൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് ആശുപത്രി പൊളിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
സംഭവം പുറത്തറിഞ്ഞപ്പോൾ തന്നെ ആശുപത്രിക്കെതിരെ സർക്കാർ കടുത്ത നടപടികൾ ആരംഭിച്ചിരുന്നു. പിറ്റേന്ന് തന്നെ ആശുപത്രി പൂട്ടി സീൽ ചെയ്തിരുന്നു. പ്ലേറ്റ് ലെറ്റിന് പകരം ജ്യൂസ് കുത്തിവെച്ച് രോഗി മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ അന്വേഷണം നടത്താൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് തന്നെ ഉത്തരവിടുകയും ചെയ്തിരുന്നു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ ആശുപത്രി അധികൃതരോട് സംഭവത്തിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് ആശുപത്രി പൊളിക്കാൻ സർക്കാർ ഉത്തരവിറക്കിയത്.