Breaking NewsNEWS

നശീകരണബുദ്ധിയോടെ യുദ്ധംചെയ്യുന്നു, നിയമലംഘനമുണ്ടെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടത്: മുഖ്യമന്ത്രി

പാലക്കാട്: സംസ്ഥാനത്തെ സര്‍വകലാശാലകളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ലോജിക് അനുസരിച്ച്, നിയമം ലംഘിച്ചാണ് വി.സിമാരെ നിയമിച്ചതെങ്കില്‍ നിയമനം നടത്തിയ ഗവര്‍ണറാണ് രാജിവെക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദീപാവലി ആശംസകള്‍ നേര്‍ന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനം ആരംഭിച്ചത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇത്തരമൊരു പത്രസമ്മേളനം നടത്തേണ്ടി വന്നതെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.

Signature-ad

”കേരളത്തില്‍ ചില കാര്യങ്ങള്‍ നടത്താന്‍ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. അതിന്റെ ഭാഗമായാണ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനര്‍ത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാന്‍ ചാന്‍സര്‍ പദവി ദുരുപയോഗം ചെയ്തിരിക്കുന്നുവെന്നാണ്. അത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതുമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിന്റെയും അക്കാദമികപരമായി സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടേയും അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ഇത്തരത്തിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചുകൊടുക്കാനാകില്ല. ഗവര്‍ണര്‍ പദവി സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലുമാക്കാനല്ല. ആ പദവി സര്‍ക്കാരിനെതിരായ നീക്കം നടത്താനുമുള്ളതല്ല.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറപിടിച്ചാണ് ഒമ്പത് വി.സിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. അക്കാദമിക് മികവിന്റെ ഉയരങ്ങളിലേക്ക് നമ്മുടെ സര്‍വകലാശാലകള്‍ ഉയരുകയാണ്. അതിനെതിരേ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവര്‍ണര്‍ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്താണ് ഇതിന് പിന്നിലുള്ളത്? യു.ജി.സി ചട്ടങ്ങള്‍ പാലിക്കാതെയാണ് വി.സി നിയമനം നടന്നത് എന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. വി.സി നിയമനങ്ങള്‍ ചട്ടിവിരുദ്ധമായാണ് നടന്നതെങ്കില്‍, അതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഗവര്‍ണര്‍ക്ക് തന്നെയല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ലോജിക് പ്രകാരം, പദവിയില്‍ നിന്നൊഴിയേണ്ടത് വിസിമാരാണോ എന്നത് ആലോചിക്കേണ്ടത് നല്ലതാണ്” -മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അക്കാദമിക് പദവിയില്ല എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. നടപടിക്രമങ്ങള്‍ സംബന്ധിച്ച പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയിലെ തര്‍ക്കവിഷയമല്ല സുപ്രീംകോടതി പരിഗണിച്ചത്. ആ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ ഇനിയും അവസരമുണ്ട്. എന്നാല്‍, ഇതിനെ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണത്തെ മുഴുവന്‍ അലോസരപ്പെടുത്താന്‍ ചാന്‍സര്‍ ഉപയോഗിക്കുകയാണ്. ഈ ഇടപെടലില്‍ സ്വാഭാവികനീതിയുടെ ലംഘനം കാണുന്നു. വി.സിമാരുടെ വാദം പോലും കേള്‍ക്കാതെയാണ് ചാന്‍സലറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയ നീക്കമുണ്ടാകുന്നത്. സെര്‍ച്ച് കമ്മിറ്റുകളിലെ അംഗങ്ങളുടെ എണ്ണം, അവര്‍ നല്‍കുന്ന പാനലുകളുടെ എണ്ണം എന്നിവയൊക്കെ അതാത് സര്‍വകലാശാകളുടെ സ്റ്റാറ്റിയൂട്ടില്‍ പറയുന്നതനുസരിച്ചാണ്. ഇത് ഇവിടെ മാത്രമല്ല, രാജ്യത്തെല്ലായിടത്തും ഇങ്ങനെയാണ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ പ്രതിനിധികള്‍ നിമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലോ സെലക്ട് കമ്മിറ്റിയിലോ ഉണ്ടാകാറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: