കണ്ണൂര്‍: പാനൂര്‍ മൊകകേരി വള്ള്യായിലെ യുവതിയുടെ കൊലപാതകത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. അതിദാരുണമായ രീതിയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നടമ്മല്‍ കണ്ണച്ചാങ്കണ്ടി വിനോദന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു.
അക്രമിയെത്തുമ്പോള്‍ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. അതിനാല്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത് ആരും അറിഞ്ഞില്ല. മുത്തശിയുടെ മരണത്തെത്തുടര്‍ന്ന് അമ്മ ബിന്ദുവടക്കമുള്ളവര്‍ സമീപത്തെ കുടുംബവീട്ടിലായിരുന്നു. നാലുദിവസം മുമ്പാണ് യുവതിയുടെ മുത്തശി മരിച്ചത്. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയായ വിഷണുപ്രിയ ഇതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി അവധിയിലായിരുന്നു. മരണവീട്ടില്‍നിന്ന് വസ്ത്രം മാറാനായി എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
വസ്ത്രം മാറാന്‍ പോയ യുവതി തിരികെ വരാന്‍ വൈകിയതോടെയാണ് ബന്ധുക്കള്‍ തിരഞ്ഞിറങ്ങിയത്. ഇവര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയില്‍ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആദ്യം കണ്ടത് ബന്ധുവായ സ്ത്രീയാണ്. മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഏകദേശം അറ്റുപോയനിലയിലായിരുന്നു. അയല്‍ക്കാരില്‍ ചിലരാണ് തൊപ്പിയും മാസ്‌കും ടീഷര്‍ട്ടും ധരിച്ചയാള്‍ തൊട്ടടുത്ത റോഡിലുണ്ടായിരുന്നതായി പോലീസിനു വിവരം കൊടുത്തത്.