KeralaNEWS

2 കോടി തട്ടി എടുത്തു, സംവിധായകൻ മേജർ രവി പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

സാമ്പത്തിക തട്ടിപ്പുകേസിൽ സംവിധായകൻ മേജർ രവി അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. അമ്പലപ്പുഴ സ്വദേശി ഷൈൻ നൽകിയ പരാതിയിലാണ്‌ മേജർ രവിയും അദ്ദേഹത്തിൻ്റെ അടുത്ത ബന്ധുവും തണ്ടർഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനി എം.ഡിയുമായ അനിൽ നായരും ഹാജരാകാൻ ഉത്തരവിട്ടത്.

തണ്ടർ ഫോഴ്സ് സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു പറഞ്ഞ് തന്റെപക്കൽനിന്നും പലപ്പോഴായി 2.10 കോടി രൂപ ഇരുവരും ചേർന്ന് തട്ടിയെടുത്തുവെന്നാണ് ഷൈൻ പരാതി നൽകിയിരിക്കുന്നത്. മേജർ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ തുകയും നൽകിയത്. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് തുക വാങ്ങിയതെന്നും എന്നാൽ ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തിയില്ലെന്നും നൽകിയ പണം തിരികെ ലഭിച്ചില്ലെന്നുമാണ്‌ പരാതി.
കോടതി നിർദേശ പ്രകാരമാണ് അമ്പലപ്പുഴ പൊലീസ് മേജർ രവി, അനിൽനായർ എന്നിവർക്കെതിരെ കേസെടുത്തത്. സ്‌റ്റേഷനിൽ ഹാജരാകുന്ന ഇരുവരെയും അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി ഇരുവരും സഹകരിക്കണമെന്നും കോടതി നിർദേശമുണ്ട്.

ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘തണ്ടര്‍ഫോഴ്‌സ്’ എന്ന സുരക്ഷാ ഏജന്‍സി മുമ്പും വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. നടൻ ദിലീപ് പൊലീസ് കേസുകളുടെ ഊരാക്കുടുക്കിൽ അകപ്പെട്ട കാലത്ത് ദിലീപിന് സുരക്ഷയൊരുക്കിയത് തണ്ടര്‍ ഫോഴ്‌സാണ്. ദിലീപ് ആവശ്യപ്പെടാതെയാണ് ഇവർ സുരക്ഷയൊരുക്കിയത് എന്ന് അന്ന് പറയപ്പെട്ടിരുന്നു. കേരളത്തില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നുവത്രേ ഇതിനു പിന്നിൽ. ‘തണ്ടര്‍ ഫോഴ്‌സ്’ ഉടമയായ അനില്‍ നായര്‍ ബിജെപി ഉന്നത നേതൃത്വവുമായി വളരെ അടുപ്പമുള്ള വ്യക്തിയാണ്.

Back to top button
error: