Breaking NewsNEWS

വടക്കഞ്ചേരി അപകടം: ടൂറിസ്്റ്റ് ബസ് ഡ്രൈവറുടെ രക്തത്തില്‍ ലഹരിസാന്നിധ്യമില്ല

കൊച്ചി: വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് പരിശോധനാഫലം. കാക്കനാട്ടെ കെമിക്കല്‍ ലാബ് പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അപകടം നടന്ന് 23 മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു ജോമോന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ലഹരിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍തന്നെ പരിശോധനാ സമയം വൈകുന്നത് ഫലത്തില്‍ കാണിച്ചേക്കില്ലെന്ന സാധ്യതയുമുണ്ട്. അപകടത്തിന് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച ജോമോനെ ലഹരിപരിശോധനയ്ക്ക് വിധേയനാക്കാത്തതിനെതിരേ വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു.

Signature-ad

ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്താണ് ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആര്‍.ടി.സി ബസിന് പിന്നിലിടിച്ച് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചത്. അപകടത്തിനു പിന്നാലെ പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയതിനു പിന്നാലെ പുലര്‍ച്ചെയാണ് ഇയാള്‍ ഇവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇതിനുശേഷം മാത്രമായിരുന്നു രക്തപരിശോധന.

അശ്രദ്ധമായും അമിതവേഗതയിലുമാണ് ജോമോന്‍ വാഹനമോടിച്ചതെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസ്സിന്റെ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇതിനെ തള്ളിക്കൊണ്ട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി.

അഞ്ച് കുട്ടികളും ഒരു അധ്യാപകനും കെ.എസ്.ആര്‍.ടി.സി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്.

 

 

Back to top button
error: