KeralaNEWS

വിഴിഞ്ഞം സമരം: സ്വന്തം നിലയ്ക്ക് പരിസ്ഥിതി ആഘാത പഠനം നടത്താനൊരുങ്ങി ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം സ്വന്തം നിലയിൽ നടത്താനൊരുങ്ങി തിരുവനന്തപുരം ലത്തീൻ അതിരൂപത. മൂന്ന് മാസം കൊണ്ട് പഠനം പൂർത്തിയാക്കും. ഇതിനായി ഏഴ് പേരടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു. പഠന സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കുമെന്ന് ലത്തീൻ അതിരൂപത വികാർ ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.

സമരക്കാരുടെ ആറ് അവശ്യങ്ങളിലും അനുകൂല തീരുമാനം ഉറപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്ന് സമരസമിതി കുറ്റപ്പെടുത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ ന്യായത്തോടെയും യാഥാർഥ്യബോധത്തോടെയും  തീരുമാനം ഉണ്ടായിട്ടില്ല. തീരദേശ ജനതയെ വികസനവിരോധികളായി മുദ്രകുത്താനുള്ള ശ്രമം ശരിയല്ലെന്നും അതിരൂപത വികാർ ജനറൽ ഫാ.യൂജിൻ പെരേര പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Signature-ad

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് അടക്കം 14 ജില്ലാ കേന്ദ്രങ്ങളിലും കലാസാംസ്കാരിക കൂട്ടായ്മയും ഇന്ന് സംഘടിപ്പിച്ചു. അതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി സാമഗ്രികൾ കൊണ്ടുവന്ന ജങ്കാർ മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ നിരത്തി തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ലോറികളും തടഞ്ഞിരുന്നു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസങ്ങളടക്കം നീക്കണമെന്ന ഇടക്കാല ഉത്തരവ് എന്ത് സാഹചര്യമാണെങ്കിലും നടപ്പാക്കിയേ മതിയാകൂവെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. റോഡുകളിലെ തടസങ്ങളടക്കം മാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും കോടതി കർശന നിർദേശം നൽകി.

റോഡ് ഉപരോധത്തിന്റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു്  ഹൈക്കോടതി പറഞ്ഞു. ഇടക്കാല ഉത്തരവുണ്ടായിട്ടും സമരപ്പന്തൽ പൊളിച്ചു മാറ്റിയില്ലെന്നും പൊലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. അതേസമയം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം വരെ സംഭവിക്കാം. ക്രമസമാധാനം ഉറപ്പാക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെയും കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

Back to top button
error: