തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് തള്ളി വി.കെ.ശശികല. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നു എന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നും മൂന്നു പേജുള്ള പ്രസ്താവനയിൽ ശശികല വ്യക്തമാക്കി.
പക്ഷേ ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ പറയുന്നത് ഇങ്ങനെയാണ്:
‘വിദഗ്ധാഭിപ്രായം ലഭിച്ചിട്ടും ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ശസ്ത്രക്രിയ നടത്താൻ ഡോ. ബാബു എബ്രഹാം തയ്യാറായില്ല. ജയലളിതയുടെ ആരോഗ്യവിവരങ്ങൾ പൂർണമായും അറിയാമായിരുന്നിട്ടും ഡോ. റെഡ്ഡി മാധ്യമങ്ങൾക്ക് തെറ്റായവിവരം നൽകി.
ഡോക്ടമാർക്കുമേൽ ശശികലയുടെ സമ്മർദമുണ്ടായി.
വിദേശചികിത്സ ലഭ്യമാക്കിയില്ല.
ഒ. പനീർശെൽവത്തിനും എല്ലാം അറിയുമായിരുന്നു
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ജയലളിത വീട്ടിൽ കുഴഞ്ഞുവീണു. ജയലളിതയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോ. ശിവകുമാറിന് ധാരണയുണ്ടായിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് പാരസെറ്റാമോൾ മാത്രമാണ് നൽകിയത്.’
ജയലളിതയുടെ മരണത്തിൽ കുറ്റക്കാരിയാണെന്ന കമ്മിഷൻ റിപ്പോർട്ട് തള്ളിയ ശശികല താൻ ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നു പ്രസ്താവനയിൽ വ്യക്തമാക്കി. സൗഹൃദത്തിന്റെ മാതൃകയായിരുന്നു താനും ജയലളിതയും, തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു.
”ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നോക്കിനിൽക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ല. ഈ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാൻ മെഡിസിൻ പഠിച്ചിട്ടില്ല. ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കൽ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല.’
ശശികല പറഞ്ഞു.
അപ്പോളോ ആശുപത്രി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ആരോപണത്തിൽ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികലയുടെ വിശദീകരണം. ലോകനിലവാരമുള്ള ഡോക്ടർമാരാണ് അവിടെയുള്ളത്. ജയലളിത നേരത്തെയും അവിടെയാണ് ചികിത്സ തേടിയത്. എയിംസിൽനിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള നിർദേശപ്രകാരമാണ് ജയലളിതയ്ക്ക് ആൻജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.
ജയലളിതയുടെ മരണത്തിൽ വി.കെ.ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. അന്നത്തെ ആരോഗ്യമന്ത്രി സി.വിജയഭാസ്കർ, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ.എസ്.ശിവകുമാർ, ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ എന്നിവരാണു മറ്റു 3 പേർ. ചികിത്സാ നടപടിക്കായി സർക്കാരിനെ അറിയിക്കാതെ 21 രേഖകളിൽ ഒപ്പിട്ട അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനൽ നടപടി ശുപാർശ ചെയ്തു. മറ്റു 2 ഡോക്ടർമാർക്കെതിരെയും അന്വേഷണത്തിനു ശുപാർശയുണ്ട്.
യുഎസിൽനിന്നെത്തിയ കാർഡിയോ തൊറാസിക് സർജൻ നവംബർ 25ന് ആശുപത്രിയിൽ ജയയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്ന അദ്ദേഹത്തിന്റെ നിർദേശം ജയ അംഗീകരിച്ചു. എന്നാൽ, പിന്നീട് യുകെയിൽനിന്നുള്ള മറ്റൊരു വിദഗ്ധനെത്തി പരിശോധിക്കുകയും ശസ്ത്രക്രിയ ആവശ്യമില്ലെന്നു നിർദേശിക്കുകയുമായിരുന്നു. ഈ ഇടപെടൽ സംശയാസ്പദമാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2012ൽ ശശികലയെ പാർട്ടിയിൽനിന്നും ജയയുടെ പോയസ് ഗാർഡനിലെ വീട്ടിൽനിന്നും പുറത്താക്കിയിരുന്നു. പിന്നീട് രമ്യതയിലായി മടങ്ങിയെത്തിയെങ്കിലും ബന്ധത്തിൽ തുടർന്നും ഉലച്ചിലുകളുണ്ടായിരുന്നു എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
2017 ഓഗസ്റ്റിൽ അണ്ണാ ഡിഎംകെ സർക്കാർ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് ഇന്നലെയാണ് തമിഴ്നാട് നിയമസഭയിൽ സമർപ്പിച്ചത്. നിയമോപദേശം ലഭിച്ചതിനുശേഷം ശുപാർശകളിന്മേൽ നടപടിയെടുക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സി.ബി.ഐ. അന്വേഷണം വേണമെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ആവശ്യപ്പെട്ടിട്ടുണ്ട്.