Breaking NewsNEWS

”ഇലന്തൂരില്‍ അവയവക്കച്ചവടം നടന്നിട്ടില്ല; ഷാഫി ദമ്പതികളെ വീഴ്ത്തിയത് ഫെയ്സ്ബുക്കിലൂടെ”

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ അവയവക്കച്ചവടം നടന്നിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. വളരെ വൃത്തിയും സുരക്ഷിതവുമായ സാഹചര്യത്തിലാണ് അവയവം എടുക്കുന്നത്. ഒരു വീട്ടില്‍ വെച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ അത് എടുക്കാനാവില്ല. എന്നാല്‍, അവയവക്കച്ചവടം നടത്താമെന്ന് ഷാഫി ഭഗവല്‍ സിങ്ങിനെയും ലൈലയേയും കബളിപ്പിച്ചിട്ടുണ്ടാകുമെന്ന് പോലീസ് കമ്മിഷണര്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേ ഒരുപാട് ശാസ്ത്രീയ തെളിവുകളും സൈബര്‍ തെളിവുകളും ലഭിച്ചിട്ടുണ്ട്. നിരവധി മൊബൈല്‍ ഫോണുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വിദഗ്ധ പരിശോധനകള്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. ചോദ്യം ചെയ്യലില്‍ നിരവധി കാര്യങ്ങള്‍ മനസിലായിട്ടുണ്ട്. എന്നാല്‍, ഈ കേസുമായി ബന്ധപ്പെട്ടതാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

Signature-ad

ഫെയ്സ്ബുക്ക് അക്കൗണ്ട് വഴിയാണ് ഷാഫി പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും സ്വാധീനിച്ചത്. ഷാഫി സമൂഹമാധ്യമം ഉപയോഗിക്കുന്നതില്‍ നല്ല അറിവുള്ളയാളാണെന്നാണ് മനസിലായിട്ടുള്ളത്. ഷാഫിക്ക് പിന്നില്‍ മറ്റാരുമില്ലെന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഇക്കാര്യം പൂര്‍ണമായി പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. ഈ കാര്യവും അന്വേഷിക്കുന്നുണ്ട്. മൃതദേഹം വെട്ടിമുറിച്ചത് ഷാഫിയാണെന്നാണ് നിഗമനം. മൃതദേഹം വെട്ടിമുറിച്ചത് കശാപ്പുകാരുടെ ശൈലിയിലാണ്.

പ്രതികള്‍ പലതും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിശോധിക്കുന്നുണ്ട്. അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്. ഇലന്തൂരിലടക്കം ഇനിയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കേസ് വിചാരണയ്ക്ക് പ്രത്യേക അതിവേഗ കോടതി വേണമെന്ന് ആവശ്യപ്പെടുന്നത് പരിഗണനയിലാണെന്നും കമ്മിഷണര്‍ പറഞ്ഞു. കൊല്ലപ്പെട്ട പത്മയുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: