CrimeNEWS

ഐ.എസ്.എല്‍ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപ്പിടിച്ചു; കോട്ടയം സ്വദേശി അറസ്റ്റില്‍

കൊച്ചി: ഐ.എസ്.എല്‍ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപ്പിടിച്ച കോട്ടയം സ്വദേശി അറസ്റ്റില്‍. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്സ്- എ.ടി.കെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി എട്ടരയോടെയാണ് കഞ്ഞിക്കുഴി സ്വദേശിയായ അരുണ്‍ എം തോമസ് (35) പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.

ഉദ്യോഗസ്ഥ ഇത് ചോദ്യം ചെയ്തപ്പോള്‍ അരുണ്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. എന്നാല്‍, ഇത് കണ്ട മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ അരുണിനെ പിടികൂടുകയും പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. യുവാവിനെതിരേ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.

ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്ത്രീകള്‍ക്ക് യാതൊരു ഭയവുമില്ലാതെ ഫുട്ബോള്‍ മത്സരം കാണാന്‍ വരാമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഐ.എസ്.എല്‍ ഡ്യൂട്ടിയുടെ ഭാഗമായി കൂടുതല്‍ സമയം ഡ്യൂട്ടി ചെയ്യേണ്ടവരുന്നതില്‍ പോലീസുകാര്‍ക്കിടയിലും അസംതൃപ്തിയുണ്ട്. 12 മണിക്കൂര്‍ നേരം ജോലി ചെയ്യേണ്ടിവരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 

Back to top button
error: