LocalNEWS

ക്ഷീരകർഷകർക്ക് ലോട്ടറി, വീട്ടിൽ ചാണകമുള്ളവർ ഇനി ലക്ഷപ്രഭുക്കൾ

വയനാട്ടിലെ നൂൽപ്പുഴക്കാർക്ക് സന്തോഷിക്കാം. ചാണകക്കുഴി നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്ന മാലിന്യം ഇനി അവരുടെ സ്വൈരം കെടുത്തില്ല. ചാണകമാലിന്യത്തെ ലക്ഷങ്ങൾ സമ്പാദിക്കാനുള്ള മാർഗമാക്കി മാറ്റിയിരിക്കുകയാണ് വയനാട് നൂൽപ്പുഴ ഗ്രാമവാസികൾ. ഇറ്റാലിയൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ചാണകം ഉണക്കിപ്പൊടിക്കുന്ന മെഷീൻ കടന്നുവന്നതാണ് നൂൽപ്പുഴക്കാർക്ക് പണം സമ്പാദിക്കാനുള്ള വഴിയൊരുക്കിയത്.

ചാണകക്കുഴിയിൽ വെള്ളം വീണ് കുഴിനിറയുന്നതു മൂലം മാലിന്യം പുറത്തേക്ക് വമിക്കുന്നതിനാൽ പരിസരമലിനീകരണവും കുഴിയിൽ വെള്ളം നിറയുന്നതിനാൽ ചാണകം ഉണക്കിപ്പൊടിക്കാൻ കാലതാമസമെടുക്കുന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാൽ ഇന്ന് കന്നുകാലികളുടെ മൂത്രവും വെള്ളവുമെല്ലാം കുഴിയിൽവീണ് കുഴി നിറയാൻ കാത്തിരിക്കുകയാണ് നൂൽപ്പുഴയിലെ ക്ഷീരകർഷകർ. വെള്ളവും മൂത്രവുംകൊണ്ട് ചാണകക്കുഴി കുഴമ്പ് രൂപത്തിലായങ്കിലേ ചാണകം മെഷീൻ ഉപയോഗിച്ച് ഉണക്കിപൊടിച്ച് ചാക്കുകളിലാക്കി ആവശ്യക്കാർക്ക് നൽകാൻ കഴിയൂ.

നിമിഷനേരം കൊണ്ടാണ് കർഷകർക്ക് ചാണകം ഉണക്കി പൊടിച്ച് ചാക്കുകളിലാക്കി നൽകുന്നത്. ഒരു കിലോ മുതൽ 1500 കിലോ വരെ ഉണക്കിപൊടിച്ച് ചാക്കിലാക്കികൊടുക്കുന്നതിന് 3500 രൂപ. ഇത് മിനിമം ചാർജാണ്. അതിന്റെ മുകളിലേക്ക് വരുന്ന ഓരോ കിലേോയ്ക്കും രണ്ട് രൂപ 3000 കിലോവരെ. 3000 മുതൽ 4500 വരെ 1 രൂപ 75 പൈസ. അതിന് മുകളിൽ 1 രൂപ 50 പൈസ പ്രകാരമാണ് ഈടാക്കുന്നത്. പഞ്ചായത്തിന്റെ ഈ ചാണകമെഷീന് വൻ സ്വീകാര്യതയാണ് ക്ഷീരകർഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഒരു സംഘമാണ് ഇതിന്റെ പ്രവർത്തനം നടത്തുന്നത്. ഇത് ടെൻഡർ വിളിച്ച് പഞ്ചായത്ത് നൽകുകയായിരുന്നു. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന നൂൽപ്പുഴ പഞ്ചായത്ത് ക്ഷിരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഒരു വർഷം പത്ത് ലക്ഷം ലിറ്റർ പാല് വരെ ഇവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ കന്നുകാലികളെ കെട്ടുന്ന തൊഴുത്ത് പരിമിതമായ സ്ഥലത്താണ് പ്രവർത്തിക്കുന്നത്.

വർഷകാലമാകുന്നതോടെ ചാണകക്കുഴി നിറഞ്ഞ് പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് ഇറ്റാലിയൻ നിർമ്മിത മെഷിനെക്കുറിച്ച് അറിയുന്നത്. പഞ്ചായത്ത് പദ്ധതിയിനത്തിൽ ഫണ്ട് വകയിരുത്തിയാണ് 40 ലക്ഷം രൂപ ചെലവിൽ മെഷീൻ വാങ്ങിയത്. മെഷീൻ സ്ഥാപിക്കുകവഴി പഞ്ചായത്തിനെ മാലിന്യമുക്തപഞ്ചായത്താക്കി മാറ്റുകയുമാണ് ലക്ഷ്യമെന്ന് ഭരണസമിതി പറയുന്നു.

Back to top button
error: