IndiaNEWS

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത്; കേന്ദ്രം പിൻമാറണം; മോദിക്ക് കത്തയച്ച് സ്റ്റാലിൻ

ചെന്നൈ : ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

1965ൽ ഒട്ടേറെ യുവാക്കൾ ജീവൻ ബലികൊടുത്ത ഭാഷാസമരത്തെപ്പറ്റിയും സ്റ്റാലിൻ കത്തിൽ ഓർമിപ്പിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്ജ്വല മാതൃകയാണ്. വ്യതിരിക്തതകളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം കിട്ടണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളേയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്‍റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് ഉദയനിധി സ്റ്റാലിനും രംഗത്തെത്തി‍. ഡിഎംകെ എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ പ്രധാന തത്വങ്ങളിലൊന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.

ഹിന്ദി ഭാഷ വിഷയത്തിൽ നേരത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചത്. ഹിന്ദി ഏക അധ്യയന ഭാഷയാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാ‍ർ പിന്മാറണമെന്നും അധ്യയന മാധ്യമമായി ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കുന്ന എല്ലാ ശ്രമങ്ങളും ജനങ്ങളിലും തൊഴിലന്വേഷകരിലും ആശങ്കയുണ്ടാക്കുന്നതാണെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുൾപ്പെട്ട എല്ലാ ഭാഷകളിലും ചോദ്യ പേപ്പർ നൽകേണ്ടതുണ്ടെന്നും മറിച്ചുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തിൽ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്നും തിരുത്തൽ നടപടികൾ എടുക്കണമെന്നും പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

Back to top button
error: