റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം കൈക്കലാക്കാന്‍ വേണ്ടി പിടിച്ചുപറി നാടകം നടത്തിയ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. ജിദ്ദയിലായിരുന്നു സംഭവം. 78,000 റിയാല്‍ ആണ് അഞ്ചംഗം സംഘം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ജിദ്ദയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്‍തിരുന്ന പ്രവാസിയാണ് കേസിലെ മുഖ്യപ്രതി. സ്ഥാപനത്തിന്റെ പണവുമായി സഞ്ചരിക്കവെ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് തന്റെ കണ്ണില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ സ്‍പ്രേ ചെയ്തുവെന്നും തുടര്‍ന്ന് പണവുമായി കടന്നുകളഞ്ഞെന്നും ഇയാള്‍ സ്ഥാപന മേധാവികളെ അറിയിക്കുകയായിരുന്നു. കമ്പനി പരാതി നല്‍കിയതു പ്രകാരം പൊലീസ് അന്വേഷണം നടത്തി.
മറ്റ് നാല് പേരുമായി ചേര്‍ന്ന് ഇയാള്‍ തന്നെ ആസൂത്രണം ചെയ്‍ത നാടകമായിരുന്നു ഇതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. കിട്ടുന്ന പണത്തിന്റെ ഒരു വിഹിതമാണ് മറ്റ് നാല് പേര്‍ക്കും മുഖ്യപ്രതി വാഗ്ദാനം ചെയ്‍തിരുന്നത്. തുടര്‍ന്ന് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‍തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാള്‍ എരിത്രിയന്‍ പൗരനും മറ്റ് നാല് പേര്‍ യെമനികളുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.