KeralaNEWS

അന്ധവിശ്വാസത്തിന് ചാനലുകൾ വിത്ത് പാകുന്നുവോ?

“മരണാനന്തര ജീവിതങ്ങളുണ്ട്, പ്രേതങ്ങൾക്ക് സാധ്യതയുണ്ട്, ആഭിചാരക്രിയകൊണ്ട് നമുക്ക് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാം ഇങ്ങനെയൊക്കെ പറയുന്നതിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് വളരെ കുട്ടിക്കാലത്ത് തന്നെ കുട്ടികളുടെ തലച്ചോറിലേക്ക് കയറ്റണം”.-

ഇലന്തൂരിൽ 2 സ്ത്രീകളെ അന്ധവിശ്വാസത്തിന്‍റെ പേരിൽ കൊന്നത് കേരളം മുഴുവൻ ചർച്ച ചെയ്യുകയാണ്. ചൊവ്വാഴ്ച ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടത് മുതൽ എല്ലാ ചാനലുകളും ഈ വാർത്തയ്ക്ക് പിന്നിലാണ്. ക്രൂരമായി കൊലപാതകം ചെയ്തവരെ ക്രൂശിക്കണം, അതോടൊപ്പം തന്നെ അന്ധവിശ്വാസം എന്ന ദുരാചാരത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും വേണം. സാധാരണക്കാരൻ മുതൽ രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരിക നായകൻമാർ വരെ അന്ധവിശ്വാസം നാട്ടിൽ നിന്ന് തുടച്ച് നീക്കാനായുള്ള ചർച്ചയിലാണ്. മുഖ്യധാര മാധ്യമങ്ങളും ഇതിന് പിന്നിലാണ്. എന്നാൽ ഇക്കാര്യത്തിലുള്ള 24 ന്യൂസിന്‍റെ രോഷം കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ലെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. രാത്രി ഒന്നും രാവിലെ മറ്റൊന്നും പറയുകയാണ് ശ്രീകണ്ഠൻ നായർ എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ബുധനാഴ്ച രാവിലെ 24 ന്യൂസിന്റെ പ്രേക്ഷകർ കണ്ടത് ഗുഡ് മോർണിങ്ങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിൽ അന്ധവിശ്വാസത്തിനും ദുരാചാരങ്ങൾക്കുമെല്ലാം എതിരായി ഉറഞ്ഞ് തുള്ളുന്ന ശ്രീകണ്ഠൻ നായരെയാണ്. പ്രേതവും ഭൂതവുമില്ലെന്നും, ആഭിചാരക്രിയകൾ കൊണ്ട് ഒന്നും നേടാനില്ലെന്നും ചെറുപ്പം മുതൽ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം എന്ന് വിശദീകരിച്ച് പരിപാടി കലക്കുകയാണ്. കേരളം ഞെട്ടിയ ഈ വാർത്തയെപറ്റി വാതോരാതെ 24 ന്യൂസ് ഇന്നലെ മുതൽ പറഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ്, ശ്രീകണ്ഠൻ നായർ ആങ്കർ ചെയ്യുന്ന ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടി അന്ധവിശ്വാസത്തെപറ്റിയും, പ്രേതബാധയെപറ്റിയും വാതോരാതെ സംസാരിക്കുന്നത്. ആത്മാക്കളെയൊക്കെ ആവാഹിക്കുന്ന, പ്രേതങ്ങളെ നേരിട്ട് കണ്ടെന്ന് പറയുന്ന ഒരു യുവതിയാണ് പരിപാടിയിലെ ഗസ്റ്റ്. സംസാരം കൊഴുക്കുന്നതിനിടയിൽ ഒരു ആത്മാവിനെ ഫ്ലോറിലേക്ക് വിളിച്ച് വരുത്താൻ കഴിയുമോ എന്ന് വരെ ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്. ആ സമയത്തും അദ്ദേഹത്തിന്‍റെ വാർത്താ ചാനൽ കേരളത്തിലെ നരബലി നടത്തിയതിന്‍റെ കഥ പറഞ്ഞ് ലോകത്തെ ഞെട്ടിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ലോകത്ത് നിന്ന് ഇല്ലാതാക്കാൻ വേണ്ടി ശ്രമിക്കുന്ന കാലത്ത് ഇത്തരത്തിലുള്ള ആളുകളെ ഒരു പരിപാടിയിൽ കൊണ്ട് വന്ന് വീമ്പ് പറയുന്നതാണോ മാധ്യമധർമം. മാധ്യമധർമം പോട്ടെ, ജനങ്ങളോട് കുറച്ചെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം നടന്ന ദിവസം തന്നെ ഇങ്ങനെ ഒരു പരിപാടി സംപ്രേക്ഷണം ചെയ്യാൻ ആ മാധ്യമം തയ്യാറാവുമായിരുന്നോ? ഇതെല്ലാം ചെയ്തിട്ടും പിറ്റേ ദിവസം വന്ന് വെളുപ്പിക്കുന്നതാണ് സഹിക്കാനാകാത്തത്. പല പ്രമുഖരും ശ്രീകണ്ഠൻ നായരുടെ ചാനലിന്‍റെ ഈ ഇരട്ടത്താപ്പിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. ‘മീൻവൈൽ ഫ്ലവേഴ്സ് ചാനലിൽ ആത്മാക്കളെയൊക്കെ ആവാഹിച്ച് കൊണ്ടു നടക്കുന്ന ഏതോ ഒരു യുവതിയുമായി ശ്രീകണ്ഠൻ നായരുടെ ഒരു കോടി പ്രശ്നോത്തരി പരിപാടി അരങ്ങു തകർക്കുന്നു’ എന്നാണ് വി.ടി.ബൽറാമിന്‍റെ പോസ്റ്റ്. എന്നാൽ നേരത്തെയും ഇത്തരത്തിലുള്ള ഗസ്റ്റുകളെ ചാനൽ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഡോക്ടർ ജിനേഷ് പി.എസിന്‍റെ പോസ്റ്റിൽ പറയുന്നത്.

24 മാത്രമല്ല, മനോരമ ന്യൂസ് അടക്കമുള്ള ചാനലുകൾക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ജ്യോതിഷവും, വാരഫലവും നൽകി മനുഷ്യനെ അന്ധവിശ്വാസത്തിലേക്ക് തള്ളി വിടുന്ന ചാനലുകൾ ഒരു നിമിഷ നേരം കൊണ്ട് എങ്ങനെ ഇങ്ങനെയായി എന്നാണ് നാട്ടുകാർക്ക് മനസ്സിലാകാത്തത്. എന്തായാലും ഒരിക്കലും ആവർത്തിക്കരുതെന്ന് കേരളം ഒന്നടങ്കം ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ഇല്ലാതാക്കാൻ, അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കൊണ്ട് ഒന്നും നേടാനാകില്ലെന്ന് മനുഷ്യനെ പറഞ്ഞ് മനസ്സിലാക്കണം. ശരിയായ മാർഗം കാട്ടിയില്ലെങ്കിലും വാർത്താചാനലുകൾ ഇത്തരം തെറ്റായ കാര്യങ്ങൾ കേവലം റേറ്റിങ്ങിനുവേണ്ടി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കാതിരിക്കാൻ തയ്യാറാകണം.

Back to top button
error: