മുംബൈ: ഇന്ത്യയുടെ ഈ വര്‍ഷത്തെ ഔദ്യോ?ഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുല്‍ കോലി (15) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. ഗുജറാത്തി സിനിമയായ ‘ചെല്ലോ ഷോ’യിലെ ആറു പ്രധാന ബാലതാരങ്ങളില്‍ ഒരാളായിരുന്നു രാഹുല്‍.
അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ‘ചെല്ലോ ഷോ’ എന്ന വാക്കിന്റെ അര്‍ത്ഥം. സംവിധായകന് പാന്‍ നളിന്റെ തന്നെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയില്‍ ആകൃഷ്ടനായെന്നാണ് നളിന്‍ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ് പ്രായമുള്ള സമയ് എന്ന ബാലന് സിനിമാ പ്രൊജക്ടര്‍ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകള്‍ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിന് റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടര്‍ ടെക്നീഷ്യന് ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, ദീപന് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. ഈ മാസം പതിനാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.