CrimeNEWS

നടിയെ ആക്രമിച്ച കേസ്: വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം; ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും.

വിചാരണ നടപടികൾ നീളാതെയിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ, വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പൊലീസ് ഉദ്യോ​ഗസ്ഥൻ നിലവിൽ ഡിജിപി റാങ്കിൽ ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്. അതേ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. നടി കേസിലെ വിചാരണ ജഡ്ജിക്കെതിരായ പരാമർശത്തിലാണ് ഹൈക്കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞത്. കോടതിമുറിയിൽ കേസ് പരിഗണിച്ചപ്പോൾ ബൈജു കൊട്ടാരക്കരയുടെ മൊബൈൽഫോൺ റിംഗ് ചെയ്തിതലും ജഡ്ജി നീരസം രേഖപ്പെടുത്തി.

നടി കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധം ഉള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പ്രതികരിച്ചതിനാണ് ഹൈക്കോടതി ബെജു കൊട്ടാരക്കരയ്ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുത്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി രണ്ട് വട്ടം ആവശ്യപ്പെട്ടിട്ടും ബൈജു ഹാജരായില്ല. ഇതോടെ ഇന്നലെ ഹാജരായില്ലെങ്കിൽ മറ്റ് നടപടിയിലേക്ക് കടക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ കോടതിയിൽ ഹജരായ ബൈജു കൊട്ടാരക്കര മാപ്പ് അപേക്ഷിച്ചു. ജുഡീഷ്യറിയെ അപമാനിക്കാനോ, ജഡ്ജിയെ അപകീർത്തിപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.കേസിലെ തുടർന്നടപടികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടെങ്കിലും ഈ ആവശ്യം തള്ളിയ കോടതി കേസ് ഈമാസം 25 ലേക്ക് മാറ്റി.

കോടതിയലക്ഷ്യ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ബൈജു കൊട്ടാരക്കരയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തിരുന്നു. കോതിമുറിയിൽ ഫോൺ ഉറക്കെ ശബ്ദിച്ചതോടെ ജഡ്ജ് നീരസം രേഖപ്പെടുത്തി. എന്നാൽ മറ്റ് നടപടികളിലേക്ക് കടന്നില്ല.കോടതിയലക്ഷ്യ കേസിന്‍റെ ഭാഗമായ വീഡിയോ അടക്കമുള്ളവ തനിക്ക് ലഭിച്ചിട്ടില്ലെന്ന ബൈജു കൊട്ടാരക്കരയുടെ ആവശ്യം കോടതി പരിഗണിച്ചു. ഇത് ലഭ്യമാക്കാൻ കോടതി ഹൈക്കോടതി റജിസ്ട്രാർക്ക് നിർദ്ദേശം നൽകി.

Back to top button
error: