IndiaNEWS

ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ പരസ്യമായി നടത്തുന്ന സമയത്ത് പ്രധാനമന്ത്രി മൗനം പാലിക്കുന്നു; രൂക്ഷവിമർശനവുമായി ഒവൈസി

ദില്ലി: ബിജെപി നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ പരസ്യമായി നടത്തുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആരോപിച്ചു. ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമ്മയുടെ വിദ്വേഷ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ഒവൈസിയുടെ പ്രതികരണം. ഇന്നലെ ദില്ലിയിൽ ഒരു പൊതു പ്രസംഗത്തിൽ മുസ്ലീം സമുദായത്തെ സമ്പൂർണമായി ബഹിഷ്‌കരിക്കാൻ പർവേഷ് സാഹിബ് സിംഗ് വർമ്മ ആഹ്വാനം ചെയ്തെന്നാണ് ആരോപണം.

“പാർലമെന്റിലെ കിംവദന്തികൾ പ്രകാരം ഈ ബിജെപി എംപി പ്രധാനമന്ത്രിയോട് ഏറ്റവും അടുത്തയാളാണ്. പ്രധാനമന്ത്രിയിൽ നിന്നുള്ള വലിയ അനുഗ്രഹങ്ങളും ആത്മവിശ്വാസവും ആസ്വദിക്കാൻ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാലാണ് തനിക്ക് പറയാനുള്ളത് പറയാൻ അദ്ദേഹം ധൈര്യപ്പെട്ടത്.” ഒവൈസി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന് വോട്ട് ചെയ്തവരുടെയോ വിദ്വേഷജനകമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം പിന്തുടരുന്നവരുടെയോ മാത്രമല്ല, നരേന്ദ്ര മോദി എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. പക്ഷേ, നിർഭാഗ്യവശാൽ, പ്രധാനമന്ത്രി സംസാരിക്കില്ല. മറ്റുള്ളവർ സംസാരിക്കും, പക്ഷേ അത് ജനങ്ങളിൽ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്നും ഒവൈസി അഭിപ്രായപ്പെട്ടു.

Signature-ad

ഒരു സമുദായത്തിന്റെ സമ്പൂർണ ബഹിഷ്‌കരണം നടപ്പിലാക്കാനാണ് പർവേഷ് സാഹിബ് സിംഗ് വർമ്മ ഇന്നലെ തന്നെ പിന്തുണക്കുന്നവരോട് ആവശ്യപ്പെട്ടത്. അതിന് അവർ സമ്മതമാണ് എന്ന് മറുപടി നൽകി. “അവരുടെ തല നന്നാക്കണമെങ്കിൽ, അവരെ നേരെയാക്കണമെങ്കിൽ, എവിടെ കണ്ടാലും സമ്പൂർണ്ണ ബഹിഷ്കരണമാണ് ഏക പ്രതിവിധി. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ കൈ ഉയർത്തുക,” ​​ദില്ലിയിലെ പരിപാടിയിൽ ബിജെപി എംപി പറഞ്ഞു. സംഭവത്തിൽ , അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിന് ദില്ലി പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, വിദ്വേഷപ്രചാരണത്തിന് കേസ് എടുത്തിട്ടില്ല.

ഒരു ബിജെപി നേതാക്കൾക്കെതിരെയും പൊലീസ് ഒരിക്കലും പ്രവർത്തിക്കില്ല. ഇതൊരു സ്ഥിരം സംഭവമാണ്. ഏത് വംശഹത്യ ആഹ്വാനവും ശിക്ഷയില്ലാതെ ചെയ്യാമെന്ന നയമാണ് ബിജെപി സ്വീകരിച്ചത്. ഇതേ എംപി മുമ്പ് (2020ൽ) ദില്ലി കലാപത്തിന് തുടക്കമിട്ട പരാമർശം നടത്തിയിരുന്നു എന്നും ഒവൈസി ആരോപിച്ചു. എന്നാൽ, ഒരു മതവിഭാഗത്തിന്റെയും പേര് താൻ പറഞ്ഞിട്ടില്ല എന്നാണ് വിവാദ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പർവേഷ് സാഹിബ് സിംഗ് വർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഞാൻ പറഞ്ഞത് കൊലപാതകങ്ങൾ നടത്തുന്ന കുടുംബങ്ങളെ ബഹിഷ്‌കരിക്കണം എന്നാണ്. അത്തരം കുടുംബങ്ങൾ, അവർ ഏതെങ്കിലും റസ്റ്റോറന്റും ബിസിനസ്സും നടത്തുന്നുണ്ടെങ്കിൽ, അവരെ ബഹിഷ്‌കരിക്കണം എന്നാണ്” അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

Back to top button
error: