പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം. നൂറണി തൊണ്ടികുളത്ത് 4 പേരെയാണ് തെരുവുനായ ആക്രമിച്ചത്. പാലക്കാട് മുൻ എംഎൽഎയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ. കെ. ദിവാകരനും തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെയാണ് കെ കെ ദിവാകരന് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ നടക്കാനിറങ്ങിയ സമയത്താണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായതെന്ന് കെ. കെ. ദിവാകരൻ പറഞ്ഞു. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയതായും അദ്ദേഹം അറിയിച്ചു. പാലക്കാട് നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ തെരുവുനായ ആക്രമണം നടക്കുന്നുണ്ട്.
ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. സ്‌കൂളില്‍നിന്നും വരുന്നവഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ് തെരുവുനായ കടിച്ചത്. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതി കഴിഞ്ഞദിവസം വൈകിട്ട് 4.30 ഓടെ സ്‌കൂള്‍വിട്ട് വരുമ്പോഴാണ് സംഭവം.
സഹോദരന്‍ ആകാശ്, ഇവരെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരുവാന്‍ പോയ ബന്ധു ഗൗരി എന്നിവരോടൊപ്പം വരുന്നതിനിടെ വീടിനടുത്തെത്തിയപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ ബഹളംകേട്ട് പിതാവ് ശശികുമാറും അമ്മ മണിയും ഓടിയെത്തി നായയെ ഓടിച്ചു. പിന്നീട് കുട്ടിയെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. വലതുകാലിന് ആഴമേറിയ മുറിവേറ്റ കുട്ടിക്ക് ചികിത്സ നല്‍കി വിട്ടയച്ചു. മൈസൂര്‍ സ്വദേശികളായ ശശികുമാറും കുടുംബവും കുട്ടവഞ്ചിയില്‍ മത്സ്യബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തെരുവ് നായയയുടെ ആക്രമണം നടന്നിരുന്നു. 25 പേർക്കാണ് അക്രമാസക്തനായ നായയുടെ കടിയേറ്റത്. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.