IndiaNEWS

പാകിസ്ഥാനോട് ചര്‍ച്ചയില്ല, കശ്മീരില്‍ സുതാര്യ തെരഞ്ഞെടുപ്പ് നടത്തും: അമിത്ഷാ

ശ്രീനഗര്‍: ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പകരം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, പാകിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങള്‍ കശ്മീരില്‍ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാല്‍ ബി.ജെ.പി തൊഴില്‍ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”പാകിസ്ഥാനോട് സംസാരിക്കാന്‍ അവരെന്നോട് ആവശ്യപ്പെടുന്നു. എന്നാല്‍, ഞാന്‍ സംസാരിക്കില്ല. കശ്മീരിലെ യുവാക്കളോടാണ് ഞാന്‍ സംസാരിക്കുക. ഗുജ്ജര്‍, ബകര്‍വാള്‍, പഹാരി ജനങ്ങളോട്. കശ്മീരില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ അതിന്റെ വേദന എനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി തോളില്‍ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ടോ? ഗുപ്കര്‍ മോഡല്‍ മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുതരില്ല.

Signature-ad

പുല്‍വാമ സംഭവത്തിനു കാരണം ഗുപ്കര്‍ മോഡല്‍ ആണ്. എന്നാല്‍, മോദി ആശുപത്രികള്‍ നിര്‍മിച്ചു. ഗുപ്കറിന്റെ സമയത്ത് ബന്ദുകളും സമരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, മോദിയുടെ മോഡലില്‍ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും എയിംസും ഉണ്ടായി. ഭീകരതയിലേക്കു പോയ യുവാക്കള്‍ തിരിച്ചു മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്കു നയിക്കുക.

വോട്ടര്‍ പട്ടിക പൂര്‍ത്തിയായാല്‍ സുതാര്യമായ രീതിയില്‍ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തും. ഓരോ സമയവും ഓരോ കുടുംബങ്ങളാണ് ജമ്മുകശ്മീര്‍ ഭരിച്ചിരുന്നത്. ഇനി മുതല്‍ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം” -അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: