CrimeNEWS

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസ്: നാലാം പ്രതി അജികുമാറിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ പാസ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും മർദ്ദിച്ച കേസിൽ പിടിയിലായ നാലാം പ്രതി അജികുമാറിനെ കോടതി റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിലായ രണ്ട് പ്രതികളുടേയും കസ്റ്റ‍ഡി അപേക്ഷ കാട്ടാക്കട കോടതി വ്യാഴാഴ്ച പരിഗണിക്കും. സംഭവം നടന്ന് മൂന്നാഴ്ചയാകുമ്പോൾ അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരാണ് പിടിയിലായത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ ‍റിമാൻഡിലായ അജികുമാർ. ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജികുമാറിനെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് പ്രതിചേർത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് ഇയാളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കൂട്ടുപ്രതികൾക്ക് ഒപ്പം കഴിഞ്ഞ 12 ദിവസമായി ഇയാളും ഒളിവിലായിരുന്നു. സംഭവം നടന്ന് ഇത്രയും നാൾ പ്രതികളെ തൊടാതിരുന്ന പൊലീസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് തുടങ്ങിയത്. രണ്ടാം പ്രതി സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ഇയാളുടെ ശമ്പ്ദ സാമ്പിള്‍ എടുക്കേണ്ടതുണ്ട്.

അഞ്ച് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരാണ് പിടിയിലാകാനുള്ളത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തടക്കം ചെന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പ്രതികളെ ജീവനക്കാരുടെ സംഘടന തന്നെ സംരക്ഷിക്കുകയാണെന്നും സൂചനയുണ്ട്.

Back to top button
error: