കൊല്ലം: കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കായിക പരിശീലനം നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ആറു മാസം മുമ്പ് പോലീസ് റെയ്ഡ് നടത്തിയ കേന്ദ്രത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാരണ്യ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് അജ്ഞാതരായ നിരവധി ആളുകള്‍ എത്തിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നിര്‍ദേശത്തോടെ പോലീസ് പരിശോധന നടത്തുകയായിരുന്നു. കരുനാഗപ്പള്ളിയിലെ അന്നത്തെ സിഐ ആയിരുന്ന ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു കായിക പരിശീലനം നടന്നിരുന്നത് എന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. പരിശീനത്തിന് ഉപയോഗിക്കുന്ന റബ്ബര്‍ ഷീറ്റുകളും മറ്റും ഇവിടെ ഉണ്ടായിരുന്നു. പോലീസ് റെയ്ഡ് നടത്തുന്ന സമയത്ത് 200 ഓളം പേര്‍ അവിടെ ഉണ്ടായിരുന്നു. ഇതര ജില്ലക്കാരും തമിഴ്നാട്ടില്‍നിന്നടക്കം എത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. റെയ്ഡിന്റെ വിവരങ്ങള്‍ പോലീസ് എന്‍ഐഎയും അറിയിച്ചിരുന്നു.
സംഘനയെ നിരോധിക്കുന്നതിന് മുന്നോടിയായി എന്‍.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായി കരുനാഗപ്പള്ളിയിലെ ഈ കേന്ദ്രത്തിലും റെയ്ഡ് നടത്തിയിരുന്നു. അവിടെനിന്ന് ചില രേഖകള്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ എന്‍.ഐ.എ കഴിഞ്ഞ ദിവസം കേന്ദ്രം സീല്‍ ചെയ്തിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദക്ഷിണ മേഖല കേന്ദ്രമായിട്ടാണ് കരുനാഗപ്പള്ളിയിലെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വിവരം.