NEWSWorld

ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത

മസ്‌കറ്റ്: ഒമാനില്‍ നിന്ന് അബുദാബിയിലേക്ക് റെയില്‍പാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

ഇത്തിഹാദ് റെയിലിന്റെ സിഇഒ ഷാദി മാലകും അസ്യാദ് ഗ്രൂപ്പ് സിഇഒ അബ്ദുല്‍റഹ്മാന്‍ സാലിം അല്‍ ഹാത്മിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.  അതിവേഗ റെയില്‍പാത പൂര്‍ത്തിയാകുന്നതോടെ യുഎഇയ്ക്കും ഒമാനും ഇടയില്‍  47 മിനിറ്റില്‍ യാത്ര ചെയ്യാനാകും. ഏകദേശം 1.160 ശതകോടി റിയാലാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. അബുദാബിയെയും സുഹാറിനെയും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകും. മണിക്കൂറില്‍ 120 കിലോമീറ്ററായിരിക്കും ചരക്ക് ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ വഴി സൊഹാറില്‍ നിന്ന് അബുദാബിയിലേക്ക് ഒരു മണിക്കൂര്‍  40  മിനിറ്റിലെത്താനാകും. സൊഹാറില്‍ നിന്ന് അല്‍ ഐനിലേക്ക് 47 മിനിറ്റില്‍ സഞ്ചരിക്കാനാകും.

ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും ചേര്‍ന്ന് രൂപീകരിക്കുന്ന സംയുക്ത കമ്പനിയാകും റെയില്‍വേ ശൃംഖലയുടെ നടത്തിപ്പും പ്രവര്‍ത്തനവും നിയന്ത്രിക്കുക. യുഎഇ റെയില്‍വേ ശൃംഖലയെ സുഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്നതോടെ പ്രദേശിക തലങ്ങളില്‍ വ്യാപാരം സുഗമമാകുമെന്നാണ് പ്രതീക്ഷ. ഒമാനും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതല്‍ ശക്തമാകുന്നതിന് കരാര്‍ വഴിയൊരുക്കുമെന്ന് ഷാദി മാലക്  പറഞ്ഞു.

 

Back to top button
error: