തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ഇന്നു തന്നെ ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളും പോലീസ് നിരീക്ഷണത്തിലാണ്.
അതിനിടെ, ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമമുണ്ടായ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. സി.ആര്‍.പി.എഫിനെയാണ് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടന്ന കേന്ദ്ര ഏജന്‍സികളുടെ രാജ്യവ്യാപക റെയ്ഡിന് സുരക്ഷയൊരുക്കിയതും സി.ആര്‍.പി.എഫിന്‍െ്‌റ നേതൃത്വത്തിലായിരുന്നു.