LocalNEWS

ആറളം ഫാമില്‍ കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.

വീട്ടില്‍നിന്നു തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ മതില്‍ തകര്‍ന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ കുത്തേറ്റ് മുഖം വികൃതമാക്കപ്പെട്ടതിനാല്‍ ആളെ തിരിച്ചറിയാന്‍ മണിക്കൂറുകളോളം വേണ്ടിവന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. ഉടന്‍ പേരാവൂര്‍ താലൂക്ക് ആ്ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാളികയത്തെ സരോജിനി- ഗോവിന്ദന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത.

ആറു വര്‍ഷത്തിനിടെ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 11 പേരാണ്. വന്യജീവികളുടെ ആക്രമണങ്ങളില്‍ വടക്കേ മലബാറിലെ രണ്ടു ജില്ലകളിലുമായി ആറു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 23 പേരാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം വന്യജീവികളുടെ ആക്രമണത്തില്‍ 18 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്കും കാട്ടുപന്നികളുടെ ആക്രമണത്തില്‍ നാലുപേര്‍ക്കും ജീവന്‍ നഷ്ടമായി.

കാട്ടാനകളുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങളില്‍ ഗുരുതര പരുക്കേറ്റ് കിടപ്പുരോഗികളായവരും പരുക്കുകളോടെ ജീവിതത്തോടു മല്ലിടുന്നവരുമായ എണ്ണമറ്റ ആളുകളും വനാതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്.

പരാതികളുമായി അധികൃതര്‍ക്കു മുന്നില്‍ പലതവണ ഇവരെത്തി. ഓരോ തവണയും ആശകൊടുത്തു മടക്കി. പക്ഷേ, ഒന്നും നടന്നില്ല. വന്യജീവികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ മിക്കതും പാഴ്വാക്കുകളായിരുന്നു എന്നു തിരിച്ചറിഞ്ഞതോടെയാണ് ഇവരില്‍ ചിലര്‍ കുടിയിറങ്ങിയത്. തലമുറകളായി അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഉപേക്ഷിച്ചാണു നൂറുകണക്കിനു കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയത്. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്നതോ തൊട്ടടുത്തുള്ളതോ ആയ 22 പഞ്ചായത്തുകളാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളത്.

 

 

Back to top button
error: