CrimeNEWS

ഉടമയെ ഫോണില്‍ വിളിച്ച് ‘അനുമതി ചോദിച്ച്’ ജീവനക്കാരനെ കബളിപ്പിച്ചു

മലപ്പുറം: ഉടമയുടെ പരിചയക്കാരന്‍ നടിച്ചെത്തിയ വിരുതന്‍ ജീവനക്കാരനെ കബളിപ്പിച്ചു പണം കവര്‍ന്നു. തിരൂരങ്ങാടി ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലിവ് കാലിത്തീറ്റ കടയില്‍ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 11.30ന് കടയില്‍ ജീവനക്കാരന്‍ മാത്രമുള്ളപ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജീവനക്കാരന്‍ പറയുന്നതിങ്ങനെ. സ്‌കൂട്ടറില്‍ കടയിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും തൊട്ടപ്പുറത്തെ കടയിലെ ജീവനക്കാരന്‍ ആയിരുന്നെന്ന് പറഞ്ഞു പരിചയം നടിക്കുകയും ചെയ്തു.

ഉടമയുടെ 500 രൂപയുടെ നോട്ടുകള്‍ മാറ്റി 2000 രൂപയുടേതാക്കി നല്‍കാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകള്‍ തരാനും ആവശ്യപ്പെട്ടു. ഉടമ പറയാതെ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍, ഉടമക്ക് ഫോണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ ഉടമയുടെ നമ്പര്‍ ഡയല്‍ ചെയ്തു യുവാവിന് നല്‍കി. പുറത്തിറങ്ങി സംസാരിച്ച ശേഷം കാശ് തരാന്‍ പറഞ്ഞെന്നും പറഞ്ഞു 500 ന്റെ നോട്ടുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 15000 രൂപ നല്‍കി. തന്റെ സ്‌കൂട്ടറിന്റെ നമ്പര്‍ ബോര്‍ഡും ഫോണില്‍ ഫോട്ടോയെടുത്ത് നല്‍കി വിശ്വാസ്യത നേടിയാണ് യുവാവ് പണം വാങ്ങി പോയത്.

ഇയാള്‍ പോയ ശേഷം ജീവനക്കാരന്‍ ഉടമക്ക് വിളിച്ചപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. ഉടമയോട്, താന്‍ ബസ് ഡ്രൈവറാണെന്നും നിങ്ങളുടെ സുഖവിവരം അന്വേഷിക്കാനുമാണ് വിളിച്ചത് എന്നായിരുന്നത്രെ ഫോണില്‍ പറഞ്ഞത്. ഉടമ ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസില്‍ പരാതി നല്‍കി. പരിസരത്തെ കടകളില്‍നിന്നും ഇയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

 

 

 

 

 

 

Back to top button
error: