Breaking NewsNEWS

‘ധിക്കാരത്തില്‍’ ഹൈക്കമാന്‍ഡിന് അതൃപ്തി; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.

സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ എം.എല്‍.എമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്, കമല്‍നാഥ്, മുകുള്‍ വാസ്‌നിക് എന്നിവരില്‍ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.

ഗെലോട്ട് പ്രസിഡന്റാകുമ്പോള്‍ പകരം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കിടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിര്‍ദേശിച്ച സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എം.എല്‍.എമാര്‍ നിലപാടെത്തു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തില്‍ 92 എം.എല്‍.എമാര്‍ രാജിഭീഷണി മുഴക്കുകയും ചെയ്തു. എം.എല്‍.എമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ ഗെലോട്ടിനു സാധിക്കാതിരുന്നതു ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചു.

നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട്ട് പാര്‍ട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അജയ് മാക്കനും ജയ്പുരില്‍ ഗെലോട്ടുമായും സച്ചിന്‍ പൈലറ്റുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇരുവരും ഇന്നു വൈകിട്ട് ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാര്യങ്ങള്‍ ധരിപ്പിക്കും.

 

 

 

 

 

 

 

 

 

 

 

Back to top button
error: