തരിപ്പണമായി രൂപയുടെ മൂല്യം; ഡോളറിനെതിരേ റെക്കോഡ് ഇടിവ്
മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യു.എസ് ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി.
ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്പത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28 ശതമാനമാണ്.
രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ഇടപെടാന്‍ സാധ്യതകുറവാണെന്നാണ് വിലയിരുത്തല്‍.
ഡോളര്‍ ശക്തമായി തുടരുന്നതും ആഗോള സാഹചര്യവും കറന്‍സികളുടെ ദുര്‍ബലാവസ്ഥയുമൂലം ആര്‍.ബി.ഐയുടെ ഇടപെടല്‍ കാര്യമായുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനതെരേ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കാം.
രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്.