NEWSSports

അവസാന ഓവര്‍ ത്രില്ലറില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ഹൈദരാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞമത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവും വിരാട് കോലിയും അര്‍ധസെഞ്ചുറി നേടി തിളങ്ങി.ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ശേഷിക്കേ മറികടന്നു. സൂര്യകുമാര്‍ 69 റണ്‍സും കോലി 63 റണ്‍സും നേടി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്. കളിയിലെ താരമായി സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുത്തു. അക്ഷര്‍ പട്ടേലാണ് പരമ്പരയുടെ താരം.

187 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ ആറാം പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍.രാഹുല്‍ പുറത്തായി. ഡാനിയല്‍ സാംസിന്റെ പന്തില്‍ സിക്സടിക്കാനുള്ള രാഹുലിന്റെ ശ്രമം മികച്ച ക്യാച്ചിലൂടെ മാത്യു വെയ്ഡ് വിഫലമാക്കി. വെറും ഒരു റണ്‍ മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. രാഹുലിന് പകരം വിരാട് കോലി ക്രീസിലെത്തി. പിന്നാലെ വമ്പനടികള്‍ കാഴ്ചവെച്ച് രോഹിത് നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറില്‍ ഇന്ത്യന്‍ നായകനും പുറത്തായി.

ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ യുവതാരങ്ങളായ ടിം ഡേവിഡിന്റെയും കാമറൂണ്‍ ഗ്രീനിന്റെയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീന്‍ നല്‍കിയത്. നായകന്‍ ആരോണ്‍ ഫിഞ്ചിനെ സാക്ഷിയാക്കി ഗ്രീന്‍ അടിച്ചുതകര്‍ത്തു. നാലാം ഓവറിലെ മൂന്നാം പന്തില്‍ ആറുപന്തില്‍ നിന്ന് ഏഴുറണ്‍സെടുത്ത ഫിഞ്ചിനെ അക്ഷര്‍ പട്ടേല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. പക്ഷേ ഗ്രീനിന്റെ വെടിക്കെട്ടിന് മാറ്റമുണ്ടായിരുന്നില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലും യൂസ്വേന്ദ്ര ചാഹലും മാത്രമാണ് മികച്ചുനിന്നത്. താരം മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ നാലോവറില്‍ വഴങ്ങിയത് 50 റണ്‍സാണ്. വിക്കറ്റ് നേടിയതുമില്ല. ഭുവനേശ്വറാകട്ടെ മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹല്‍ നാലോവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ശേഷിച്ച വിക്കറ്റ് ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി.

 

 

Back to top button
error: